കുഞ്ചാക്കോ ബോബന്റെ നായികയായി നയൻ‌താര; ത്രില്ലർ ചിത്രം ‘നിഴൽ’ ഒരുങ്ങുന്നു

‘ലൗ ആക്ഷൻ ഡ്രാമ’യ്ക്ക് ശേഷം മലയാളത്തിൽ അടുത്ത ചിത്രത്തിനായുള്ള കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ് നയൻതാര. കുഞ്ചാക്കോ ബോബനൊപ്പം നിഴൽ എന്ന ചിത്രത്തിലാണ് നയൻതാര വേഷമിടുന്നത്. സംസ്ഥാന പുരസ്‌കാര ജേതാവായ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് നിഴൽ.

കുഞ്ചാക്കോ ബോബനും നയൻതാരയും ട്വന്റി-20 എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്തിൽ ഒന്നിച്ച് എത്തിയിരുന്നു. 12 വർഷങ്ങൾക്ക് ശേഷം ഇരുവരും സിനിമയ്ക്കായി ഒന്നിക്കുമ്പോൾ ആരാധകരും പ്രതീക്ഷയിലാണ്. ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നയൻതാര ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. കുഞ്ചാക്കോ ബോബനാണ് നടിയുടെ പേര് സിനിമയിലേക്ക് നിർദേശിക്കുന്നത്. നയൻതാരയ്ക്ക് തിരക്കഥ ഇഷ്ടപെട്ടതോടെ ചിത്രവുമായി മുന്നോട്ട് പോകുകയായിരുന്നു ടീം.

ചിത്രത്തിന്റെ ഭൂരിഭാഗവും എറണാകുളത്ത് ചിത്രീകരിക്കും. കേരളത്തിന് പുറത്ത് രണ്ട് ദിവസത്തെ ഷൂട്ടിംഗ് മാത്രമാണുള്ളത്. വളരെ കുറച്ച് ശ്രദ്ധേയരായ അഭിനേതാക്കൾ മാത്രമാണ് ചിത്രത്തിലുള്ളത്. നവാഗതനായ സഞ്ജീവ് തിരക്കഥയെഴുതുന്ന സിനിമയുടെ ക്രിയേറ്റിവ് വിഭാഗത്തിൽ തീവണ്ടി സംവിധായകൻ ഫെല്ലിനിയുമുണ്ട്.

Read More: ബിബിൻ ജോർജിന്റെ നായികയായി അന്ന രേഷ്മ രാജൻ; വിജയദശമി ദിനത്തിൽ ചിത്രത്തിന് തുടക്കമിടും

അതേസമയം, അഞ്ചാം പാതിരയ്ക്ക് ശേഷം വീണ്ടും ത്രില്ലർ ചിത്രത്തിൽ അഭിനയിക്കുന്ന ആവേശത്തിലാണ് കുഞ്ചാക്കോ ബോബൻ. അണ്ണാത്തെ എന്ന ചിത്രത്തിലാണ് നയൻ‌താര ഇനി വേഷമിടുന്നത്.

Story highlights- kunchacko boban’s next with nayanthara