‘2020 എന്ന ഇതിഹാസ വർഷത്തിൽ എന്റെ ആദ്യ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നു’- ഇന്ത്യയിലേക്ക് എത്തിയ സന്തോഷത്തിൽ മംമ്ത മോഹൻദാസ്

ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്ത് കൊച്ചിയിൽ കുടുംബത്തിനൊപ്പമായിരുന്നു മംമ്ത മോഹൻദാസ്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി കേരളത്തിലേക്ക് എത്തിയപ്പോഴായിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. മാസങ്ങൾക്ക് ശേഷം, ലോസ് ഏഞ്ചൽസിലേക്ക് പറന്ന മംമ്ത വീണ്ടും ഇന്ത്യയിലേക്ക് എത്തിയിരിക്കുകയാണ്. ഈ വർഷം ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിനായാണ് ഇന്ത്യയിലേക്ക് താരം മടങ്ങിയെത്തിയത്.

‘ഞാൻ ഇപ്പോൾ ഇന്ത്യയിൽ സന്തുഷ്ടയും സുരക്ഷിതയുമാണ്. 2020 എന്ന ഈ ഇതിഹാസ വർഷത്തിൽ എന്റെ ആദ്യ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാൻ എല്ലാവരും തയ്യാറായിക്കഴിഞ്ഞു. ഒടുവിൽ ഞാൻ ജോലിയിൽ പ്രവേശിക്കുന്നു’ മംമ്ത സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നു.

ലോസ് ഏഞ്ചൽസിലാണ് മംമ്ത മോഹൻ‌ദാസ് വർഷങ്ങളായി താമസിക്കുന്നത്. ചികിത്സയുടെ ഭാഗമായാണ് താരം അവിടെ സ്ഥിര താമസമാക്കിയത്. ആറുവർഷങ്ങൾക്ക് മുൻപ് ലോസ് ഏഞ്ചൽസിലേക്ക് ചേക്കേറിയ മംമ്ത ഷൂട്ടിങ്ങിനായി മാത്രമാണ് നാട്ടിലേക്ക് എത്താറുള്ളത്.

ലോക്ക് ഡൗൺ സമയത്ത് പൂർണമായും കൊച്ചിയിൽ മാതാപിതാക്കൾക്കൊപ്പമാണ് താരം ചിലവഴിച്ചത്. കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി നിരവധി സംസ്ഥാന സർക്കാർ ബോധവത്കരണ കാമ്പെയ്‌നുകളിൽ നടി പങ്കെടുത്തിരുന്നു. ജൂണിൽ വന്ദേഭാരത് മിഷന്റെ ഭാഗമായി പോയ വിമാനത്തിലാണ് മംമ്ത ലോസ് ഏഞ്ചൽസിലേക്ക് മടങ്ങിയത്.

Read More: നായകനായി മമ്മൂട്ടി; പുതിയ സംവിധാനത്തിനൊരുങ്ങി സക്കരിയ മുഹമ്മദ്

‘മയൂഖം’ എന്ന ചിത്രത്തിലൂടെയാണ് മംമ്ത സിനിമാ ജീവിതം ആരംഭിച്ചത്. സൈജു കുറുപ്പിനൊപ്പം നായികയായെത്തിയ മംമ്ത മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണിപ്പോൾ. ‘ലങ്ക’, ‘മധുചന്ദ്രലേഖ’, ‘ബിഗ് ബി’, ‘അൻവർ’, ‘പത്മശ്രീ ഭാരത് ഡോ. സരോജ് കുമാർ’, ‘സെല്ലുലോയ്ഡ്’, ‘മൈ ബോസ്’ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മംമ്ത ശ്രദ്ധേയയായത്‌.

Story highlights- Mamta Mohandas back to India to join her first project in 2020