മംമ്തയും ചെമ്പൻ വിനോദും ഒന്നിക്കുന്ന ‘അൺലോക്ക്’- ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് മമ്മൂട്ടി

മംമ്ത മോഹൻദാസും ചെമ്പൻ വിനോദും നായികാനായകന്മാരായി എത്തുന്ന അൺലോക്ക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. നടൻ മമ്മൂട്ടി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചത്. നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹന്‍ സീനുലാല്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കി സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുകയാണ്. ഡബിള്‍സ്, വന്യം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സോഹന്‍ സീനുലാല്‍ സംവിധാനം നിര്‍വഹിക്കുന്ന മൂന്നാമത്തെ ചിത്രമാണ് അണ്‍ലോക്ക്. ശ്രീനാഥ് ഭാസി, ഇന്ദ്രന്‍സ്, ഷാജി നവോദയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

മോഷന്‍ പ്രൈം മൂവീസിന്റെ ബാനറില്‍ സജീഷ് മഞ്ചേരിയാണ് ചിത്രത്തിന്റെ നിര്‍മാണം. സംവിധായകരായ സിദ്ദിഖ്, ഷാഫി എന്നിവരുടെ സഹ സംവിധായകനായി സിനിമാരംഗത്തെത്തിയതാണ് സോഹന്‍ സീനുലാല്‍. ആക്ഷന്‍ ഹീറോ ബിജു, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ഡ്രൈവിങ് ലൈസന്‍സ്, ഉണ്ട തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുമുണ്ട്. 2020ലെ മംമ്തയുടെ ആദ്യ ചിത്രം കൂടിയാണ് ‘അൺലോക്ക്’.

ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്ത് കൊച്ചിയിൽ കുടുംബത്തിനൊപ്പമായിരുന്നു മംമ്ത മോഹൻദാസ്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി കേരളത്തിലേക്ക് എത്തിയപ്പോഴായിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. മാസങ്ങൾക്ക് ശേഷം, ലോസ് ഏഞ്ചൽസിലേക്ക് പറന്ന മംമ്ത വീണ്ടും ഇന്ത്യയിലേക്ക് എത്തിയത് അൺലോക്ക് എന്ന സിനിമയിൽ വേഷമിടാനായിരുന്നു.

Read More: ‘അഞ്ചാം പാതിര’യിലെ സൈക്കോ സൈമണാകാൻ ലുക്ക് ടെസ്റ്റ് നടത്തിയിരുന്നു’- ചിത്രങ്ങൾ പങ്കുവെച്ച് നടൻ

‘മയൂഖം’ എന്ന ചിത്രത്തിലൂടെയാണ് മംമ്ത സിനിമാ ജീവിതം ആരംഭിച്ചത്. സൈജു കുറുപ്പിനൊപ്പം നായികയായെത്തിയ മംമ്ത മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണിപ്പോൾ. ‘ലങ്ക’, ‘മധുചന്ദ്രലേഖ’, ‘ബിഗ് ബി’, ‘അൻവർ’, ‘പത്മശ്രീ ഭാരത് ഡോ. സരോജ് കുമാർ’, ‘സെല്ലുലോയ്ഡ്’, ‘മൈ ബോസ്’ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മംമ്ത ശ്രദ്ധേയയായത്‌.

Story highlights- unlock movie first look poster