‘ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്’- നിർമാതാവിന്റെ കുപ്പായമണിഞ്ഞ് മംമ്ത മോഹൻദാസ്

അഭിനേത്രിയായും ഗായികയായും സിനിമാലോകത്ത് നിറസാന്നിധ്യമായ മംമ്ത പുതിയ സംരംഭത്തിലേക്ക് കടക്കുന്നു. ഇനി നിർമാതാവിന്റെ കുപ്പായമണിയുകയാണ് മംമ്ത മോഹൻദാസ്. ആദ്യമായി നിർമിക്കുന്ന സിനിമയുടെ പൂജ ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവെച്ച് മംമ്ത തന്നെയാണ് സന്തോഷവാർത്ത പങ്കുവെച്ചത്.

‘എന്റെ ആദ്യ നിർമാണ സംരംഭം ആരംഭിച്ച വാർത്ത നിങ്ങളോട് പങ്കിടുന്നതിൽ സന്തോഷമുണ്ട്. ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്. നിങ്ങളുടെ അനുഗ്രഹവും പിന്തുണയും ആവശ്യമാണ്. എന്റെ കുടുംബത്തിനും എന്റെ നിർമ്മാണ പങ്കാളിയായ നോയൽ ബെന്നിനും ഉറ്റസുഹൃത്തുക്കൾക്കും എന്നെ വിശ്വസിക്കുകയും ഈ നിമിഷം ജീവസുറ്റതാക്കാൻ എന്നെ സഹായിക്കുകയും ചെയ്ത എല്ലാവരോടും ഞാൻ നന്ദി പറയുന്നു. വിശദാംശങ്ങൾ പിന്നാലെ..’ മംമ്തയുടെ വാക്കുകൾ.

അതേസമയം, 2020 ലെ ആദ്യ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു മംമ്ത മോഹന്‍ ദാസ്. ചിത്രത്തിന്റെ പൂജാവേളയിലെ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ലോക്ക് ഡൗണിന് ശേഷമുള്ള ആദ്യ ചിത്രത്തിന്റെ വിശേഷങ്ങൾ മംമ്ത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

ചെമ്പന്‍ വിനോദും മംമ്താ മോഹന്‍ ദാസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് അണ്‍ലോക്ക്. നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹന്‍ സീനുലാല്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നതും. സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. ഈ ചിത്രത്തിന്റെ വിശേഷങ്ങളാണ് മംമ്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ലോസ് ഏഞ്ചൽസിലാണ് മംമ്ത മോഹൻ‌ദാസ് വർഷങ്ങളായി താമസിക്കുന്നത്. ചികിത്സയുടെ ഭാഗമായാണ് താരം അവിടെ സ്ഥിര താമസമാക്കിയത്. ആറുവർഷങ്ങൾക്ക് മുൻപ് ലോസ് ഏഞ്ചൽസിലേക്ക് ചേക്കേറിയ മംമ്ത ഷൂട്ടിങ്ങിനായി മാത്രമാണ് നാട്ടിലേക്ക് എത്താറുള്ളത്.

Read More: ‘മാസ്ക് മുഖ്യം’; അതീവ സുന്ദരിയായി മഞ്ജു വാര്യർ, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

‘മയൂഖം’ എന്ന ചിത്രത്തിലൂടെയാണ് മംമ്ത സിനിമാ ജീവിതം ആരംഭിച്ചത്. സൈജു കുറുപ്പിനൊപ്പം നായികയായെത്തിയ മംമ്ത മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണിപ്പോൾ. ‘ലങ്ക’, ‘മധുചന്ദ്രലേഖ’, ‘ബിഗ് ബി’, ‘അൻവർ’, ‘പത്മശ്രീ ഭാരത് ഡോ. സരോജ് കുമാർ’, ‘സെല്ലുലോയ്ഡ്’, ‘മൈ ബോസ്’ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മംമ്ത ശ്രദ്ധേയയായത്‌.

Story highlights- mamtha mohandas about her production company