പുതിയ ചിത്രം പ്രഖ്യാപിച്ച് പ്രിയങ്ക ചോപ്ര; ഹോളിവുഡിൽ സജീവമാകാനൊരുങ്ങി നടി

പ്രിയങ്ക ചോപ്ര തന്റെ പുതിയ ഹോളിവുഡ് ചിത്രം പ്രഖ്യാപിച്ചു. ജിം സ്‌ട്രോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി സാം ഹ്യൂഗനും കനേഡിയൻ ഗായിക സെലിൻ ഡിയോണിനും ഒപ്പം വേഷമിടാൻ ഒരുങ്ങുകയാണ് നടി. ഇൻസ്റാഗ്രാമിലാണ് പ്രിയങ്ക പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവെച്ചത്.

‘വിശിഷ്ടരായ ഇത്തരം ആളുകളുമായി ഈ അത്ഭുതകരമായ സിനിമ ആരംഭിക്കുന്നതിൽ വളരെയധികം ആവേശമുണ്ട്! ജിം സ്‌ട്രോസ്, സാം ഹ്യൂഗൻ, സെലിൻ ഡിയോൺ. ഇത് എനിക്ക് വലിയ അംഗീകാരമാണ്’- പ്രിയങ്ക കുറിക്കുന്നു. പ്രിയങ്ക ചോപ്ര ഇപ്പോൾ ജർമ്മനിയിൽ മറ്റൊരു ഹോളിവുഡ് സിനിമയുടെ ചിത്രീകരണ തിരക്കിലാണ്. മാട്രിക്സ് 4 ന്റെ ചിത്രീകരണത്തിലാണ് നടി. ‘മാട്രിക്സ് 4’ന്റെ ചിത്രീകരണത്തിനിടെ പ്രിയങ്ക ഗോൾഫ് കളിക്കുന്നതിന്റെ ഒരു വീഡിയോ ആരാധകർക്കായി പങ്കുവെച്ചിരുന്നു. പ്രിയങ്കയെ കൂടാതെ ‘മാട്രിക്സ് 4’ ൽ കീനു റീവ്സ്, കാരി-ആൻ മോസ്, നീൽ പാട്രിക് ഹാരിസ്, ജോനാഥൻ ഗ്രോഫ് എന്നിവരും അഭിനയിക്കുന്നുണ്ട്.

2019ൽ പ്രദർശനത്തിന് എത്തിയ ദി സ്കൈ ഈസ് പിങ്ക് എന്ന ബോളിവുഡ് ചിത്രത്തിലാണ് പ്രിയങ്ക ഏറ്റവും ഒടുവിൽ അഭിനയിച്ചത്. പോപ്പ് ഗായകനായ നിക്ക് ജൊനാസിനെ വിവാഹം ചെയ്ത പ്രിയങ്ക വിദേശത്താണ് സ്ഥിര താമാസം. ലോസ് ഏഞ്ചൽസിലെ വീട്ടിലാണ് പ്രിയങ്കയും നിക്കും ലോക്ക് ഡൗൺ കാലം ചിലവഴിച്ചത്. ഹോളി ആഘോഷിക്കാനായിരുന്നു പ്രിയങ്കയും നിക്കും അവസാനമായി ഇന്ത്യയിൽ എത്തിയത്.

Read more: 2500 വർഷങ്ങളായി അണയാതെ കത്തുന്ന പാറക്കൂട്ടം; തുർക്കിയിലെ അത്ഭുതക്കാഴ്ച

2019 നവംബറില്‍ ജോധ്പൂരിലെ ഉമൈദ് ഭവനിലായിരുന്നു നിക്കും പ്രിയങ്കയും വിവാഹിതരായത്. നവംബര്‍ 30 ന് തുടങ്ങിയ വിവാഹ ആഘോഷങ്ങള്‍ ഡിസംബര്‍ 2 വരെ നീണ്ടുനിന്നിരുന്നു. 2000 ലെ മിസ് വേള്‍ഡായിരുന്ന പ്രിയങ്ക 2008 ല്‍ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്. ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് നിക് ജൊനാസ്.

Story highlights- priyanka chopra’s next hollywood movie