”ഞാൻ കണ്ടതിൽവെച്ച് ഏറ്റവും ശക്തയായ സ്ത്രീ’- സരിതയ്ക്ക് ജന്മദിനമാശംസിച്ച് മാധവൻ

പ്രിയതമയുടെ ജന്മദിനത്തിൽ ഹൃദയംതൊട്ടൊരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടൻ മാധവൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് ഭാര്യ സരിതയെക്കുറിച്ചുള്ള കുറിപ്പും ചിത്രവും താരം പങ്കുവെച്ചത്. ‘ഞാൻ കണ്ടതിൽവെച്ച് ഏറ്റവും കരുതലുള്ള, നിശ്ചയദാർഢ്യമുള്ള, ശക്തയായ സ്ത്രീ.. ഭാഗ്യമെന്നുപറയട്ടെ, അവൾ എന്റെ ജീവിതത്തിലെ പ്രണയം കൂടിയാണ്. എന്റെ പ്രണയത്തിന് ജന്മദിനാശംസകൾ’. മാധവൻ കുറിക്കുന്നു.

നീണ്ടകാലത്തെ പ്രണയത്തിന് ശേഷം 1999ലാണ് മാധവൻ സരിതയെ വിവാഹം ചെയ്തത്. ഇവർക്ക് വേദാന്ത് എന്ന മകനുമുണ്ട്. മകന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ മാധവൻ പതിവായി ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അച്ഛൻ സിനിമയിലെ മിന്നും താരമാണെങ്കിൽ മകൻ സ്വിമ്മിങ്ങിൽ ചാംബ്യനാണ്. മകന്റെ എല്ലാ നേട്ടങ്ങളും മാധവൻ പങ്കുവയ്ക്കാറുണ്ട്.

മുൻപ് ഏഷ്യൻ ഏജ് ഗ്രൂപ്പ് സ്വിമ്മിംഗ് ചാംബ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി വേദാന്ത് വെള്ളി മെഡൽ സ്വന്തമാക്കിയത് മാധവൻ പങ്കുവെച്ചിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ചുള്ള വേദാന്തിന്റെ ഔദ്യോഗിക മെഡൽ എന്ന കുറിപ്പിനൊപ്പമാണ് മകന്റെ മെഡൽ നേട്ടം മാധവൻ പങ്കുവെച്ചത്.

2018 മുതൽ വേദാന്ത് ഇന്ത്യയ്ക്കായി മത്സരിക്കുന്നുണ്ട്. ആ വർഷം തന്നെ തായ്‌ലൻഡിൽ നടന്ന സ്വിമ്മിങ് മത്സരത്തിൽ ഇന്ത്യക്കായി വെങ്കലം നേടിയ വേദാന്ത് ദേശീയ തലത്തിൽ തന്നെ ഫ്രീസ്റ്റൈലിൽ സ്വർണവും നേടിയിരുന്നു.

അതേസമയം, ശാസ്‍ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ദ റോക്കട്രി: ദ നമ്പി ഇഫക്റ്റ് ആണ് മാധവൻ നായകനായി ഒരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ സഹ സംവിധായകന്‍ കൂടിയാണ് മാധവന്‍.

Read More:

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. മാധവനാണ് നമ്പി നാരായണനായി വെള്ളിത്തിരയിലെത്തുന്നത്. നമ്പി നാരായണന്‍ രചിച്ച ‘റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്‍ഡ് ഐ സര്‍വൈവ്ഡ് ദ് ഐഎസ്ആര്‍ഒ സ്‌പൈ കേസ്’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്.

Story highlights- R Madhavan Wishes Wife Sarita On her birthday