ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലെ ലോകത്തെ ഏറ്റവും വലിയ ബിൽബോർഡിൽ മലയാളിയുടെ കഥ പ്രദർശിപ്പിച്ച് ‘റോക്കട്രി’ ടീം; വലിയ നേട്ടത്തിന് സാക്ഷിയായി നമ്പി നാരായണനും നടൻ മാധവനും

June 12, 2022

ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ ആസ്‌പദമാക്കി നിർമിക്കപ്പെട്ട ചിത്രമാണ് ‘റോക്കട്രി ദി നമ്പി ഇഫക്റ്റ്.’ മലയാളി കൂടിയായ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ‘റോക്കട്രി’ പ്രഖ്യാപനം ഉണ്ടായ നാൾ മുതൽ സിനിമ ലോകം കാത്തിരിക്കുന്ന ചിത്രമാണ്. നമ്പി നാരായണന്റെ 27 വയസ്സു മുതൽ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം.

ഇപ്പോൾ ചിത്രത്തിന്റെ ഒരു വലിയ നേട്ടമാണ് സമൂഹമാധ്യമങ്ങൾ ആഘോഷിക്കുന്നത്. അമേരിക്കയിൽ ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിൽബോർഡിൽ ചിത്രത്തിന്റെ ട്രെയ്‌ലർ പ്രദർശിപ്പിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. നമ്പി നാരായണൻറെയും ചിത്രത്തിന്റെ സംവിധായകൻ കൂടിയായ നടൻ മാധവൻറെയും സാന്നിധ്യത്തിലാണ് ട്രെയ്‌ലർ പ്രദർശിപ്പിച്ചത്.

അതേ സമയം അമേരിക്കയിലെ ടെക്‌സസിലെ സ്റ്റാഫോർഡ് നഗരം ജൂൺ 3 ഇനി മുതൽ നമ്പി നാരായണൻ ദിനമായി ആചരിക്കും. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നമ്പി നാരായണനും നടൻ മാധവനും അമേരിക്കയിൽ സന്ദർശനം നടത്തുന്നതിനിടയിലാണ് ശാസ്ത്രജ്ഞനോടുള്ള ബഹുമാനാർത്ഥം സ്റ്റാഫോർഡ് മേയർ സെസിൽ വില്ലിസ് പ്രഖ്യാപനം നടത്തിയത്.

വിവിധ കാലങ്ങട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവൻ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. സിമ്രാൻ ആണ് ചിത്രത്തിൽ മാധവന്റെ നായികയായി എത്തുന്നത്. ഇരുവരും പതിനഞ്ച് വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് റോക്കട്രി.

Read More: വിക്രത്തിന്റെ മഹാവിജയത്തിന് കമൽ ഹാസന് വമ്പൻ വിരുന്നൊരുക്കി ചിരഞ്ജീവി; പ്രത്യേക അതിഥിയായി സൽമാൻ ഖാനും

ജൂലൈ 1 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. നാലുവർഷമായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്‌തതും മാധവൻ തന്നെയാണ്.

Story Highlights: Rocketry trailer shown at times square