വിക്രത്തിന്റെ മഹാവിജയത്തിന് കമൽ ഹാസന് വമ്പൻ വിരുന്നൊരുക്കി ചിരഞ്ജീവി; പ്രത്യേക അതിഥിയായി സൽമാൻ ഖാനും

June 12, 2022

വമ്പൻ വിജയമാണ് കമൽ ഹാസൻ ചിത്രം ‘വിക്രം’ നേടിക്കൊണ്ടിരിക്കുന്നത്. ലോകത്താകമാനമുള്ള തിയേറ്ററുകളിൽ പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടിയാണ് ചിത്രം പ്രദർശനം തുടരുന്നത്. വലിയ കൈയടിയാണ് ചിത്രത്തിന് പ്രേക്ഷകരും നിരൂപകരും ഒരേ പോലെ നൽകുന്നത്.

ഇപ്പോൾ ചിത്രം നേടിയ വലിയ വിജയത്തിന് കമൽ ഹാസനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവി. തന്റെ ഉറ്റ സുഹൃത്ത് കൂടിയായ കമൽ ഹാസന് സ്വന്തം വീട്ടിൽ അത്താഴ വിരുന്നൊരുക്കിയാണ് ചിരഞ്ജീവി അഭിനന്ദനം അറിയിച്ചത്.

ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും പ്രത്യേക അതിഥിയായി വിരുന്നിൽ പങ്കെടുത്തിരുന്നു. കമൽ ഹാസനൊപ്പം വിക്രത്തിന്റെ സംവിധായകൻ ലോകേഷും ക്ഷണം സ്വീകരിച്ച് ചിരഞ്ജീവിയുടെ അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു. പൊന്നാടയണിച്ചാണ് ചിരഞ്ജീവി കമൽ ഹാസനെ സ്വീകരിച്ചത്. ഇരു താരങ്ങളും വർഷങ്ങളായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ്. ചിരഞ്ജീവി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് അത്താഴ വിരുന്നിനെ പറ്റി ആരാധകരെ അറിയിച്ചത്.

വലിയ കാത്തിരിപ്പിനൊടുവിൽ ജൂൺ 3 നാണ് ‘വിക്രം’ തിയേറ്ററുകളിലെത്തിയത്. ചിത്രം പ്രഖ്യാപിച്ച നാൾ മുതൽ വലിയ ആകാംക്ഷയിലായിരുന്നു സിനിമ ആരാധകർ. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച 3 നടന്മാർ ഒരുമിക്കുന്ന ചിത്രമെന്ന നിലയിൽ ‘വിക്രം’ പ്രഖ്യാപിച്ച നാൾ മുതൽ പ്രേക്ഷകർ വലിയ ആവേശത്തിലായിരുന്നു.

Read More: ത്രില്ലടിപ്പിക്കുന്ന ആക്ഷൻ സീക്വൻസുകൾ, അഭിനയമികവോടെ താരങ്ങൾ, അമ്പരപ്പിച്ച് സൂര്യ; ഫാൻ ബോയ് ചിത്രത്തിനപ്പുറത്തേക്ക് വളർന്ന സിനിമാറ്റിക് അനുഭവം നൽകി ‘വിക്രം’ – റിവ്യൂ

ചിത്രത്തിലെ ഓരോ നടന്മാരും വലിയ കൈയടിയാണ് തിയേറ്ററുകളിൽ നേടിക്കൊണ്ടിരിക്കുന്നത്. കമൽ ഹാസനും ഫഹദ് ഫാസിലും വിജയ് സേതുപതിയും വലിയ പ്രശംസ ഏറ്റുവാങ്ങുമ്പോൾ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പ്രകടനമാണ് സൂപ്പർ താരം സൂര്യ കാഴ്ച്ചവെയ്ക്കുന്നത്.

Story Highlights: Chiranjeevi congratulates kamal hasan on vikram’s huge success