‘അയ്യപ്പനും കോശിയും’ തെലുങ്ക് പതിപ്പിൽ കണ്ണമ്മയായി സായ് പല്ലവി

വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയനാട്ടിയായി മാറിയിരിക്കുകയാണ് സായ് പല്ലവി. കരിയറിലെ മികച്ച പ്രകടനങ്ങൾ ഇതിനോടകം തന്നെ സായ് പല്ലവി കാഴ്ചവെച്ചുകഴിഞ്ഞു. ഇപ്പോഴിതാ, അയ്യപ്പനും കോശിയും സിനിമയുടെ തെലുങ്ക് റീമേക്കിൽ നടി വേഷമിടാൻ ഒരുങ്ങുകയാണെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

പവൻ കല്യാണിനൊപ്പമാണ് നടി വേഷമിടുന്നത്. സംവിധായകൻ സാഗർ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ഈ ചിത്രം സിത്താര എന്റർടൈൻമെൻറിന്റെ ബാനറിൽ സൂര്യദേവര നാഗ വംശിയാണ് നിർമിക്കുന്നത്. സായി പല്ലവിയുമായി ചർച്ചകൾ നടത്തുകയാണ് അണിയറപ്രവർത്തകർ. കണ്ണമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനാണ് അണിയറപ്രവർത്തകർ സായ് പല്ലവിയെ സമീപിച്ചിരിക്കുന്നത്.

മുൻപ് വേതാളം എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കിലും സായ് പല്ലവി വേഷമിടുന്നതായി വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നതായി സായ് പല്ലവി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, സായ് പല്ലവി ലവ് സ്റ്റോറി എന്ന ചിത്രത്തിന്റെ റിലീസിന് ഒരുങ്ങുകയാണ്.

പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും ഒരുമിച്ചെത്തി മികച്ച് പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. സച്ചി സംവിധാനം ചെയ്ത ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. പവര്‍ സ്റ്റാര്‍ പവന്‍ ചിത്രത്തിൽ ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായരായി എത്തുമ്പോൾ പൃഥ്വിരാജ് അവതരിപ്പിച്ച കോശിയുടെ റോളില്‍ റാണ ദഗ്ഗുബട്ടിയെത്തുമെത്തുമെന്നാണ് സൂചന. 

Read More:ഹൽദി ചടങ്ങിൽ സുന്ദരിയായി കാജൽ; പ്രിയതാരത്തിന് ഇന്ന് വിവാഹം

ചിത്രം ഹിന്ദിയിലേക്ക് എത്തിക്കുമ്പോൾ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്റെ ജെ എ എന്റര്‍ടെയ്ന്‍മെന്റ്‌സാണ്. ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്യപ്പെടുന്നു. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായി കാര്‍ത്തിയും ബിജു മേനോന്‍ അവതരിപ്പിച്ച കഥാപാത്രമായി പാര്‍ത്ഥിപനും തമിഴ് പതിപ്പിലെത്തും. 

Story highlights- Sai Pallavi to star opposite Pawan Kalyan in ”Ayyappanum Koshiyum” remake