ഹൽദി ചടങ്ങിൽ സുന്ദരിയായി കാജൽ; പ്രിയതാരത്തിന് ഇന്ന് വിവാഹം

ഒക്ടോബർ 30ന് വിവാഹിതയാകുന്ന കാജൽ അഗർവാളിന്റെ ഹൽദി ചടങ്ങുകൾ ശ്രദ്ധ നേടുന്നു. മുംബൈയിൽ വെച്ചുനടന്ന ചടങ്ങിൽ മഞ്ഞ നിറത്തിലുള്ള ലഹങ്കയിൽ അതിസുന്ദരിയാണ് നടി. ചടങ്ങിൽ പങ്കെടുക്കാൻ വരൻ ഗൗതമും എത്തി. ഒക്ടോബർ 30ന് വൈകിട്ടാണ് വിവാഹച്ചടങ്ങുകൾ നടക്കുക.

മെഹന്ദി ചടങ്ങിന്റെ ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു. മുംബൈയിൽ നടക്കുന്ന സ്വകാര്യ ചടങ്ങിലാണ് കാജൽ, വ്യവസായി ഗൗതം കിച്ച്‌ലുവിനെ വിവാഹം കഴിക്കുന്നത്. ഫർണിച്ചർ, പെയിന്റിംഗ്, അലങ്കാരവസ്തുക്കൾ വിൽക്കുന്ന ഡിസെർൺ ലിവിംഗ് എന്ന കമ്പനിയുടെ സ്ഥാപകനാണ് ഗൗതം. കഴിഞ്ഞ ദിവസം ഗൗതമിനൊപ്പമുള്ള ദസറ ആഘോഷത്തിന്റെ ചിത്രങ്ങൾ നടി പങ്കുവെച്ചിരുന്നു.

മുൻപ്, വിവാഹ തയ്യാറെടുപ്പുകളുടെ ചിത്രങ്ങളും ബാച്ചിലറേറ്റ് ആഘോഷ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ കാജൽ പങ്കുവെച്ചിരുന്നു. അതേസമയം, കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വളരെ ചുരുക്കം ആളുകൾ മാത്രമാണ് ബാച്ചിലറേറ്റ് പാർട്ടിയിൽ പങ്കെടുത്തത്. വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ കാജൽ തന്നെയാണ് പങ്കുവെച്ചത്.

‘ഞാൻ ഗൗതം കിച്ച്ലുവിനെ വിവാഹം കഴിക്കുന്നുവെന്ന വിശേഷം നിങ്ങളോട് പങ്കുവയ്ക്കുന്നതിൽ വളരെയധികം സന്തോഷമുണ്ട്. 2020 ഒക്ടോബർ 30 ന് മുംബൈയിൽ വെച്ച് ഞങ്ങളുടെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ചടങ്ങിലാണ് വിവാഹിതരാകുന്നത്’.- കാജൽ കുറിക്കുന്നു.

Read More: മിസിസ്സിലേക്ക് ഒരുനാൾ ദൂരം- മെഹന്ദി ചിത്രങ്ങൾ പങ്കുവെച്ച് കാജൽ

അതേസമയം, കമൽ ഹാസന്റെ ‘ഇന്ത്യൻ 2’, ദുൽഖർ നായകനാകുന്ന ഹേ സിനാമിക എന്നീ ചിത്രങ്ങളിൽ കാജൽ അഗർവാൾ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിവാഹ ശേഷവും സിനിമയിൽ സജീവമായി തുടരുമെന്നും കാജൽ അറിയിച്ചു.

Story highlights- kajal agarwal haldi photos