ചിത്രീകരണത്തിനിടെ അജിത്തിന് പരിക്ക്; ‘വലിമയ്’ ഷൂട്ടിംഗ് നീട്ടിവെച്ചു

അജിത്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് വലിമയ്. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അജിത്തിന് പരിക്ക് പറ്റിയതായി റിപ്പോർട്ട്. സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിലാണ് നടന് പരിക്കേറ്റത്. ഇതിനെ തുടർന്ന് വലിമയ് ചിത്രീകരണം ഒരു മാസത്തേക്ക് മാറ്റിവെച്ചു.

നിലവിൽ അജിത്ത് ഹൈദരാബാദിൽ ആയുർവേദ ചികിത്സയിലാണ്.അതുകൊണ്ട് ഷൂട്ടിംഗിൽ നിന്ന് താൽക്കാലികമായി ഇടവേളയിലായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചികിത്സ പൂർത്തിയാകുന്നതോടെ ചിത്രീകരണം പൂർത്തിയാക്കും. ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെയാണ് അജിത്തിന് പരിക്കേറ്റത്.

 ചിത്രത്തിൽ ഐശ്വരമൂർത്തി എന്ന ഐപിഎസ് ഓഫീസറായാണ് അജിത്ത് എത്തുന്നത്. അജിത്തും മറ്റ് പ്രധാന താരങ്ങളും അണിനിരക്കുന്ന രംഗങ്ങളാണ് ഹൈദരാബാദിൽ ചിത്രീകരിക്കുന്നത്. ഇതിനുശേഷം രണ്ടു പ്രധാനപ്പെട്ട സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കാൻ സംഘം വിദേശത്തേക്ക് പോകും. കാർത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും അജിത്തിനൊപ്പം പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

അജിത്ത്, കാർത്തികേയ ഗുമ്മകോണ്ട, ഹുമ ഖുറേഷി എന്നിവർ അഭിനയിക്കുന്ന 15 ദിവസത്തെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലായിരുന്നു. ഈ ഷെഡ്യൂളോട് കൂടി ചിത്രം പൂർത്തിയാകാനിരിക്കെയാണ് അപകടം. നേരത്തെ ഡൽഹിയിൽ ചിത്രീകരണം നടത്താനായിരുന്നു പദ്ധതിയെങ്കിലും അനുമതി പ്രശ്‌നങ്ങളുണ്ടായിരുന്നതിനാൽ ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നു.

Read More: രാജ്യത്ത് 46,232 പേര്‍ക്കു കൂടി കൊവിഡ്; ആകെ രോഗബാധിതരുടെ എണ്ണം തൊണ്ണൂറു ലക്ഷം കടന്നു

നേർക്കൊണ്ട പാർവൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എച്ച് വിനോത്. ബോണി കപൂറാണ് ചിത്രം നിർമിക്കുന്നത്. അജിത് ഈ സിനിമയിൽ ഒരു പോലീസുകാരനായാണ് വേഷമിടുന്നത്. ചിത്രത്തിന്റെ അണിയറയിൽ സംഗീതസംവിധായകൻ യുവാൻ ശങ്കർ രാജയും ഛായാഗ്രാഹകൻ നീരവ് ഷായും ഉണ്ട്.

Story highlights- Ajith to Halt Valimai Shooting for Few Weeks