‘കൊവിഡ്, നിങ്ങൾക്ക് വീട്ടിലേക്ക് മടങ്ങാനുള്ള സമയമായി’- വാക്സിനെക്കുറിച്ച് കവിതയുമായി പൃഥ്വിരാജിന്റെ മകൾ അലംകൃത

November 13, 2020

കൊവിഡ് പ്രതിസന്ധി ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് സൃഷ്‌ടിച്ച ബുദ്ധിമുട്ട് ചെറുതല്ല. പലരുടെയും ജോലിയും പ്രതീക്ഷയുമെല്ലാം നഷ്ടമായി. എന്നാൽ, കുട്ടികളെയാണ് ഏറ്റവുമധികം ഈ പുതിയ ജീവിതരീതിയും സാഹചര്യവും ബാധിച്ചിരിക്കുന്നത്. വീടിനുള്ളിൽ തന്നെ കഴിയേണ്ടി വരുന്ന അവസ്ഥയുടെ വീർപ്പുമുട്ടൽ ചെറുതല്ല. ഓൺലൈൻ ക്ലാസ്സുകളുമായി ഫോണിലേക്ക് ഒതുങ്ങുകയാണ് കുട്ടികൾ.

കൊവിഡ് പ്രതിസന്ധിയെക്കുറിച്ച് വളരെയധികം ആശങ്കയുള്ള കുട്ടികളിൽ ഒരാളാണ് പൃഥ്വിരാജ്- സുപ്രിയ ദമ്പതികളുടെ മകൾ അലംകൃത. ലോക്ക് ഡൗൺ ആരംഭിച്ചതുമുതൽ കൊവിഡിനെക്കുറിച്ച് കുറിപ്പുകളുമായി വളരെയധികം ശ്രദ്ധാലുവാണ് അല്ലി. ഇപ്പോഴിതാ, കൊവിഡ് വാക്സിനെക്കുറിച്ച് ഒരു കവിത എഴുതിയിരിക്കുകയാണ് മിടുക്കി.

സുപ്രിയ മേനോനാണ് അലംകൃതയുടെ കവിത പങ്കുവെച്ചത്. പൃഥ്വിരാജ് സുകുമാരനും ഈ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ കൊവിഡ് വാക്സിൻ ലഭിക്കുമെന്ന വാർത്ത സുപ്രിയ അലംകൃതയോട് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് കവിതയെഴുതി അമ്മയെ അമ്പരപ്പിച്ചിരിക്കുന്നത്.

‘ ഈ വർഷത്തിന്റെ അവസാനത്തിൽ (ഏറ്റവും പുതിയ വാർത്തകളെ അടിസ്ഥാനമാക്കി) വരുന്ന വാക്സിനെക്കുറിച്ച് ഞാൻ അല്ലിയോട് പറഞ്ഞിരുന്നു. അവർ എങ്ങനെയാണ് ഇത് നൽകുന്നത്, ആർക്കാണ് ആദ്യം ലഭിക്കുക തുടങ്ങിയ ചോദ്യങ്ങൾ അവൾ എന്നോട് ദിവസവും ചോദിക്കുന്നു. പാഠങ്ങൾ പൂർത്തിയാക്കിയതിന് ശേഷം വാക്സിനിനെക്കുറിച്ച് അവൾ എഴുതിയ ഒരു കവിത എന്നെ കാണിച്ചു! അക്ഷരവിന്യാസം തെറ്റായിരിക്കാം, പക്ഷേ വികാരങ്ങൾ പ്രകടമാണ്’- സുപ്രിയ കവിതയ്‌ക്കൊപ്പം കുറിക്കുന്നു.

Read More: ‘ജോലിക്ക് പോകുന്നതും കോളേജിൽ പോകുന്നതുപോലെ’- രസകരമായ ചിത്രവുമായി കുഞ്ചാക്കോ ബോബൻ

കൊവിഡ് വാക്സിൻ സോംഗ് എന്നാണ് അല്ലിയുടെ കവിതയുടെ പേര്. വാക്സിൻ എത്തുമ്പോൾ കുട്ടികൾക്ക് പ്രാധാന്യമുള്ളതിനാൽ അവർക്ക് മുൻഗണന നൽകണമെന്നാണ് അല്ലി കുറിച്ചിരിക്കുന്നത്. ‘ വരൂ കൊവിഡ്, നിങ്ങളുടെ വീട്ടിലേക്ക് മടങ്ങാനുള്ള സമയമായി..എല്ലാം വീണ്ടും സാധാരണ നിലയിലാക്കാം’- അല്ലി കുറിക്കുന്നു. ആറു വയസുകാരിയായ അലംകൃതയുടെ വരികൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Story highlights- alamkritha prithviraj’s poem