ഒമ്പത് മാസങ്ങൾക്ക് ശേഷം ജോലിത്തിരക്കിലേക്ക്; സിനിമ വിശേഷങ്ങളുമായി ഇന്ദ്രജിത്ത് സുകുമാരൻ

ഒമ്പത് മാസങ്ങൾക്ക് ശേഷം സിനിമ തിരക്കുകളിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് ചലച്ചിത്രതാരം ഇന്ദ്രജിത്ത് സുകുമാരൻ.ഇന്ദ്രജിത്ത് തന്നെയാണ് പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയ വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ഇന്ദ്രജിത്ത് അഭിനയരംഗത്തേക്ക് വീണ്ടും എത്തുന്നത്.

 19 (1)(എ) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഇന്ദ്രജിത്തും വിജയ് സേതുപതിയും നിത്യ മേനോനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഇന്ദ്രൻസും ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്ത സംഗീത സംവിധാനവും മനീഷ് മാധവൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. നിലവിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന വിഷയമായിരിക്കും ചിത്രത്തിന്റേത് എന്നാണ് സൂചന. സോഷ്യൽ-പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

Read also:‘ഇനിയൊരു സിനിമയിൽ അഭിനയിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞ നയൻ‌താര ആത്മവിശ്വാസം കൊണ്ട് നേടിയ ലേഡി സൂപ്പർസ്റ്റാർ പദവി’- മുകേഷിന്റെ വാക്കുകൾക്ക് നന്ദി അറിയിച്ച് നയൻ‌താര

അതേസമയം ‘മാർക്കോണി മത്തായി’ക്ക് ശേഷം വിജയ് സേതുപതി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്. നായകന്‍- നായിക സങ്കൽപ്പങ്ങളിൽ നിന്ന് പ്രമേയത്തിന് മുൻതൂക്കം നൽകിയാണ് ചിത്രം ഒരുക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സലിം അഹമ്മദിനോടൊപ്പം ‘ആദാമിന്റെ മകൻ അബു’, ‘പത്തേമാരി ‘തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച വ്യക്തിയാണ് ഇന്ദു വി എസ്. അതുകൊണ്ടുതന്നെ പുതിയ ചിത്രത്തെ ആവേശത്തോടെയാണ് സിനിമ പ്രേമികൾ കാത്തിരിക്കുന്നത്.

Story Highlights: Back to work after 9 months says Indrajith Sukumaran