‘ഇനിയൊരു സിനിമയിൽ അഭിനയിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞ നയൻ‌താര ആത്മവിശ്വാസം കൊണ്ട് നേടിയ ലേഡി സൂപ്പർസ്റ്റാർ പദവി’- മുകേഷിന്റെ വാക്കുകൾക്ക് നന്ദി അറിയിച്ച് നയൻ‌താര

മലയാളസിനിമയിൽ നിന്നും തെന്നിന്ത്യൻ താരറാണിയിലേക്കുള്ള നയൻതാരയുടെ വളർച്ച ഒരുദിനംകൊണ്ടായിരുന്നില്ല. ഒട്ടേറെ ചിത്രങ്ങളിൽ സഹനടിയായി വേഷമിട്ട നയൻ‌താര ഇന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് അറിയപ്പെടുന്നത്. സ്ത്രീകേന്ദ്രീകൃത ചിത്രങ്ങളാണ് നയൻതാര കൂടുതലും ഇപ്പോൾ അവതരിപ്പിക്കുന്നത്. മലയാള സിനിമയിൽ ആദ്യ കാലത്ത് നായികയായി എത്തിയെങ്കിലും ഇപ്പോൾ അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ മാത്രമാണ് നടിയെ തേടിയെത്തുന്നത്. ഒരു താരമാകുന്നതിന് മുൻപ് നയൻതാരയ്‌ക്കൊപ്പം പ്രവർത്തിച്ച നടനാണ് മുകേഷ്. ഇപ്പോഴിതാ, ടോപ് സിംഗർ വേദിയിൽ വെച്ച് നയൻതാരയുടെ ആത്മവിശ്വാസത്തെക്കുറിച്ച് മുകേഷ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

നയൻ‌താര തന്നെയാണ് ടോപ് സിംഗർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ദയയുള്ള വാക്കുകൾക്ക് മുകേഷ് ഏട്ടന് നന്ദി. നിങ്ങളെപ്പോലുള്ള ഒരു ലെജന്റിൽ നിന്നും വരുന്ന വാക്കുകൾ അത്രത്തോളം സന്തോഷം നൽകുന്നു’ എന്ന കുറിപ്പിനൊപ്പമാണ് നയൻ‌താര വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ആത്മവിശ്വാസത്തിന്റെ ഉത്തമ ഉദാഹരണമാണ് നയൻ‌താര എന്നാണ് മുകേഷ് പറയുന്നത്. വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിൽ മോഹൻലാലിനും മുകേഷിനുമൊപ്പം നയൻ‌താര വേഷമിട്ടിരുന്നു. സെറ്റിൽ എപ്പോഴും നടി മൂഡ് ഔട്ട് ആയിരുന്നുവെന്നും നൃത്തരംഗങ്ങൾ വിചാരിക്കുന്നതുപോലെ ശെരിയാകുന്നല്ല എന്നതായിരുന്നു ആ സങ്കടത്തിന്റെ കാരണമെന്നും മുകേഷ് പറയുന്നു. വിസ്മയത്തുമ്പത്തിന്റെ ചിത്രീകരണം കഴിഞ്ഞ് പോകുമ്പോൾ നയൻ‌താര മുകേഷിനോട് പറഞ്ഞത് ഇനി ഒരു സിനിമയിൽ അഭിനയിക്കാൻ സാധിക്കുമെന്നു തോന്നുന്നില്ല എന്നാണ്. എന്നാൽ, നയൻതാരയുടെ കണ്ണിലൊരു തിളക്കമുണ്ടെന്നും അത് ആത്മവിശ്വാസത്തിന്റെയാണെന്നും പറഞ്ഞ് ആശ്വസിപ്പിച്ച് ഒരു പിന്തുണ നൽകാൻ മുകേഷിന് സാധിച്ചു.

പിന്നീട് ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയിലേക്ക് ഉയർന്ന നയൻതാരയുടെ ജീവിതയാത്രയെക്കുറിച്ച് പങ്കുവയ്ക്കുകയാണ് മുകേഷ് ടോപ് സിംഗർ വേദിയിൽ. ആത്മവിശ്വാസംകൊണ്ട് മാത്രം ഇന്ത്യയുടെ തന്നെ യഥാർത്ഥ ലേഡി സൂപ്പർസ്റ്റാറായി ഉയർന്നു വന്ന താരമാണ് നയൻ‌താര എന്നാണ് മുകേഷ് വിശേഷിപ്പിക്കുന്നത്. ഒട്ടേറെ ആരാധകർ മുകേഷിന്റെ വാക്കുകൾ ഏറ്റെടുക്കുയും വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു.

Story highlights- mukesh about nayanthara