സഹോദരിക്കൊപ്പമുള്ള കൗമാരകാല ചിത്രം പങ്കുവെച്ച് പ്രിയ നടൻ

October 25, 2020

മലയാളികളുടെ പ്രിയ നടനാണ് മുകേഷ്. നടനും നിർമാതാവും രാഷ്ട്രീയപ്രവർത്തകനുമൊക്കെയായി സജീവമായ മുകേഷ് സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ല. അതുകൊണ്ട് തന്നെ അദ്ദേഹം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ, സഹോദരിക്കൊപ്പമുള്ള കൗമാരകാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് മുകേഷ്.

‘കൗമാരകാല ചിത്രം. ഞാനും സഹോദരി സന്ധ്യയും’ എന്നാണ് ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിനൊപ്പം മുകേഷ് കുറിച്ചിരിക്കുന്നത്. നാടകത്തിലും സിനിമയിലും സജീവമാകുന്നതിനും വർഷങ്ങൾക്ക് മുൻപുള്ള ചിത്രമാണ് മുകേഷ് പങ്കുവെച്ചിരിക്കുന്നത്.

പ്രശസ്ത നാടക നടനും, നാടകസം‌വിധായകനും ആയ ഒ.മാധവന്റെ മകനായ മുകേഷ്, അച്ഛന്റെ പാത പിന്തുടർന്ന് നാടകത്തിലാണ് തുടക്കം കുറിച്ചത്. മാത്രമല്ല അമ്മ വിജയകുമാരി പ്രശസ്തയായ നാടകനടിയും സിനിമാതാരവുമാണ്.

1982-ൽ പുറത്തിറങ്ങിയ ബലൂൺ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് ചലച്ചിത്രരംഗത്ത് എത്തിയത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത നിരവധി ഹാസ്യചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. 1989-ൽ സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ റാംജിറാവ് സ്പീക്കിങ്ങ് എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായത്.

Read More: ‘നിങ്ങൾ എന്റെ ജന്മദിനം കൂടുതൽ സവിശേഷമാക്കി’- ആരാധകർക്ക് നന്ദി പറഞ്ഞ് നദിയ മൊയ്തു

അതേസമയം മുകേഷ് ഒരു സിനിമയില്‍ പാടിയിട്ടുമുണ്ട്. ‘രമേശന്‍ ഒരു പേരല്ല’ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് ഗായകനായത്. നവാഗതനായ സുജിത് വിഘ്‌നേശ്വര്‍ ആദ്യമായി സംവിധാനം നിര്‍വഹിച്ച ചിത്രമായിരുന്നു ഇത്. ജെമിനി ഉണ്ണികൃഷ്ണന്‍ ആണ് ചിത്രത്തിലെ സംഗീത സംവിധാനം. ഒരു ഗോവന്‍ സ്‌റ്റൈല്‍ ഗാനമാണ് മുകേഷ് ആലപിക്കുന്നത്.

Story highlights- throwback photo by mukesh