അനുഷ്കയുടെ ‘ഭാഗമതി’ ഹിന്ദിയിലേക്ക്; ‘ദുർഗാമതി’ ട്രെയ്‌ലർ

അനുഷ്ക ഷെട്ടി നായികയായി എത്തിയ തെലുങ്ക് ഹൊറർ ചിത്രം ഭാഗമതി ഹിന്ദിയിലേക്ക്. ദുർഗാമതി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ബോളിവുഡിൽ റിലീസിന് ഒരുങ്ങുകയാണ്. ടൈറ്റിൽ റോളിൽ ഭൂമി പെഡ്നേക്കർ എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജി അശോക് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഹിന്ദി റീമേക്കും അദ്ദേഹം തന്നെയാണ് സംവിധാനം ചെയ്യുന്നത്.

മലയാളിയായ ഉണ്ണി മുകുന്ദൻ, ജയറാം, ആശാ ശരത് തുടങ്ങിയ താരങ്ങളും ഭാഗമതിയിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഹിന്ദി റീമേക്കിൽ ജയറാമിന്റെ കഥാപാത്രമായി എത്തുന്നത് അർഷദ് വാർസിയാണ്. ചിത്രം ഡിസംബർ 11ന് ആമസോൺ പ്രൈം വഴി ഒടിടി റിലീസ് ആയി പ്രേക്ഷകർക്കു മുന്നിലെത്തും.

Read also: പൃഥ്വിയുടെ ‘കോൾഡ് കേസ്’ ലുക്കിന് കമന്റ് ചെയ്ത് നസ്രിയ; ഏറ്റെടുത്ത് പ്രേക്ഷകരും

വംശി കൃഷ്ണ റെഡ്‌ഡി, പ്രമോദ്,ജ്ഞാനവേൽ രാജ എന്നിവർ ചേർന്ന് നിർമിച്ച തെലുങ്ക് ചിത്രം 2018 ജനുവരി 26 നാണ് തിയേറ്ററുകളിലെത്തിയത്. മലയാള സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആർ ഡി ഇല്ല്യൂമിനേഷൻസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി റിലീസ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അതേസമയം ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ട്രെയിലറിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story Highlights: bhaagamathie remake durgamati trailer