‘ആകാശഗംഗയുടെ അമൂല്യമായ ഓർമ്മകൾ’- ചിത്രം പങ്കുവെച്ച് ദിവ്യ ഉണ്ണി

നൃത്തവേദിയിൽ നിന്നും സിനിമയിലേക്കെത്തിയ താരമാണ് ദിവ്യ ഉണ്ണി. ഒട്ടേറെ സിനിമകളിൽ നായികയായി എത്തിയ ദിവ്യ ഉണ്ണി വിവാഹശേഷമാണ് വെള്ളിത്തിരയിൽ നിന്നും ഇടവേളയെടുത്തത്. എന്നാൽ, അമേരിക്കയിലെ ഹൂസ്റ്റണിൽ നൃത്തവിദ്യാലയവുമായി സജീവമാണ് ദിവ്യ ഉണ്ണി. നടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു ആകാശഗംഗ. വർഷങ്ങൾക്ക് ശേഷം ആകാശഗംഗയ്ക്ക് രണ്ടാം ഭാഗം വന്നപ്പോൾ ചിത്രത്തിൽ ദിവ്യ ഉണ്ണിയുടെ കഥാപാത്രം മരണപ്പെട്ടതായാണ് കാണിച്ചത്. പക്ഷെ, ഒന്നാം ഭാഗം തന്നെയാണ് എന്നും മലയാളകളുടെ മനസ്സിൽ ഇടംനേടിയത്. ഇപ്പോഴിതാ, ആകാശഗംഗയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ദിവ്യ ഉണ്ണി.

‘ഇതിഹാസങ്ങളായ അഭിനേതാക്കളുമായും സിനിമാപ്രവർത്തകരുമായും പ്രവർത്തിക്കാൻ സാധിച്ചത് എന്നെ സംബന്ധിച്ചിടത്തോളം എന്നും അമൂല്യമായ ഓർമ്മയായിരിക്കും’- ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ദിവ്യ ഉണ്ണി പങ്കുവയ്ക്കുന്നു. വിനായൻ സംവിധാനം ചെയ്ത ചിത്രത്തിൽ മുകേഷ്, ദിവ്യ ഉണ്ണി, മയൂരി, മധുപാൽ, ജഗദീഷ്, ഇന്നസെന്റ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ‘ആകാശ ഗംഗ 2’ൽ ദിവ്യ ഉണ്ണിയുടെ കഥാപാത്രമായ മായയുടെ മകളുടെ കഥയാണ് പറഞ്ഞത്. അതേസമയം, വർഷങ്ങളായി സിനിമയിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് ദിവ്യ ഉണ്ണി.

സിനിമാലോകത്ത് നിന്നും വിട്ടുനിൽക്കുകയാണെങ്കിലും നൃത്തവേദികളിലും സമൂഹമാധ്യമങ്ങളിലും സജീവമാണ് ദിവ്യ ഉണ്ണി. നൃത്ത വിശേഷങ്ങളും മക്കളുടെ വിശേഷങ്ങളും ദിവ്യ ഉണ്ണി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് ദിവ്യ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞുമകളുടെ വിശേഷങ്ങളെല്ലാം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.  ഐശ്വര്യ എന്നാണ് മകളുടെ പേര്. ഐശ്വര്യയെ കൂടാതെ അർജുൻ, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും കൂടി ദിവ്യ ഉണ്ണിക്ക് ഉണ്ട്.

Read More: ‘ജന ഗണ മന’ ചിത്രീകരണം പുനഃരാരംഭിച്ചു; ലൊക്കേഷൻ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

നൃത്ത രംഗത്തുനിന്നുമാണ് നടി ദിവ്യ ഉണ്ണി സിനിമാലോകത്തേക്ക് ചുവടുവച്ചത്. കലോത്സവ വേദികളിലും നൃത്തവേദികളിലും തിളങ്ങി നിന്ന ദിവ്യ ഉണ്ണി സിനിമയിലും നിറസാന്നിധ്യമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ദിവ്യ ഉണ്ണി. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു മലയാള സിനിമയിലേയ്ക്കുള്ള താരത്തിന്റെ അരങ്ങേറ്റം. പ്രണയവര്‍ണ്ണങ്ങള്‍, ആകാശഗംഗ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Story highlights- divya unni about akashaganga