ധനുഷിനൊപ്പം താരമായി രജിഷയും ലാലും- ശ്രദ്ധനേടി ‘കർണൻ’ ലൊക്കേഷൻ ചിത്രങ്ങൾ

മാരി സെൽ‌വരാജ് സംവിധാനം ചെയ്യുന്ന കർണൻ എന്ന ചിത്രത്തിലാണ് നടൻ ധനുഷ് ഏറ്റവുമൊടുവിൽ അഭിനയിച്ചത്. കർണന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷമാണ് ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമായ ‘അത്രംഗി രേ’യുടെ ചിത്രീകരണത്തിലേക്ക് താരം ചേക്കേറിയത്. കർണൻ ഷൂട്ടിംഗ് പൂർത്തിയാക്കിയതിന് പിന്നാലെ ലൊക്കേഷൻ ചിത്രങ്ങൾ ആരാധകർക്കിടയിൽ ചർച്ചയാകുകയാണ്.

വെട്രിമാരന്റെ വടാ ചെന്നൈയിലേത് പോലെ ശക്തമായ നാടൻ കഥാപാത്രമാണ് കർണനിലും ധനുഷിന്റേത് എന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.

കലൈപുലി എസ് താനുവിന്റെ വി ക്രിയേഷൻസ് നിർമിക്കുന്ന ഈ ചിത്രത്തിലൂടെ നടി രജിഷ വിജയൻ തമിഴകത്തേക്ക് ചേക്കേറുകയാണ്. മാത്രമല്ല, ജനപ്രിയ മലയാള താരം ലാൽ മുഖ്യ വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. നടൻ യോഗി ബാബുവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രജിഷ വിജയന്റെയും ലാലിന്റെയും ലൊക്കേഷൻ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

പരിയേറും പെരുമാൾ എന്ന ചിത്രത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ മാരി സെൽ‌വരാജിന്റെ ചിത്രത്തിൽ ധനുഷ് വേഷമിടുമ്പോൾ ആരാധകരും പ്രതീക്ഷയിലാണ്. ചിത്രത്തിൽ സംഗീത സംവിധായകനായി സന്തോഷ് നാരായണനും ഭാഗമാകുന്നുണ്ട്.

അതേസമയം,  ‘രാഞ്ജന’യുടെ സംവിധായകൻ ആനന്ദ് എൽ റായ് ഒരുക്കുന്ന ‘അത്രംഗി രേ’ യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അക്ഷയ് കുമാർ, സാറ അലി ഖാൻ എന്നിവർക്കൊപ്പമാണ് ധനുഷ് ചിത്രത്തിൽ വേഷമിടുന്നത്. ഒരു ത്രികോണ പ്രണയകഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്.

Read more: ‘ദൃശ്യം 2’ ഡബ്ബിംഗ് പൂർത്തിയാക്കി മുരളി ഗോപി

ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറോടെ പൂർത്തിയാക്കാനാണ് പദ്ധതി. അതിനുശേഷം കാർത്തിക് നരെയ്ൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലേക്ക് ധനുഷ് ചേക്കേറും. എല്ലാ സുരക്ഷാ നടപടികളും പാലിച്ച് മധുര, ഡൽഹി, മുംബൈ എന്നിവടങ്ങളിലായി ചിത്രീകരണം തുടരാനാണ് ടീം പദ്ധതിയിട്ടിരിക്കുന്നത്.ഇടവേളയ്ക്ക് ശേഷം ഷൂട്ടിംഗ് ആരംഭിക്കുന്ന ആവേശത്തിലാണ് അണിയറപ്രവർത്തകരും അഭിനേതാക്കളും. ഹിമാൻഷു ശർമയാണ് ‘അത്രംഗി രേ’യുടെ രചന നിർവഹിക്കുന്നത്. എ ആർ റഹ്മാൻ സംഗീതം പകരുന്നു. 2021ലെ പ്രണയ ദിനത്തിൽ ചിത്രം റിലീസ് ചെയ്യാമെന്നാണ് ‘അത്രംഗി രേ’ ടീം പ്രതീക്ഷിക്കുന്നത്.

Story highlights- karnan location photos