ഐപിഎൽ 2020; അറബിനാട്ടിൽ അഞ്ചാം കിരീടത്തിൽ മുത്തമിട്ട് മുംബൈ

November 10, 2020

ഐ.പി.എല്‍ 13ാം സീസണ്‍ കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ദുബായിൽ നടന്ന കലാശപ്പോരാട്ടത്തിൽ കന്നിയങ്കക്കാരായ ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തിയാണ് മുംബൈ വിജയകിരീടം ചൂടിയത്. ഡല്‍ഹി മുന്നോട്ടുവെച്ച 157 റണ്‍സിന്റെ വിജയലക്ഷ്യം 18.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു. തുടർച്ചയായ രണ്ടാമത്തെ നേട്ടമാണിത് മുംബൈയ്ക്ക്. മാത്രമല്ല, ഇത് അഞ്ചാം തവണയാണ് മുംബൈ ഐപിഎൽ ജേതാക്കളാകുന്നത്.

അര്‍ധ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. 51 ബോളിൽ രോഹിത് 68 റണ്‍സ് നേടി. ഇഷാന്‍ കിഷന്‍ 19 ബോളില്‍ 33 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഡികോക്ക് 20 റണ്‍സും സൂര്യകുമാര്‍ യാദവ് 19 റണ്‍സും നേടി. പൊള്ളാര്‍ഡ് 9 റണ്‍സും ഹാര്‍ദ്ദിക് 3 റണ്‍സെടുത്തും വേഗത്തില്‍ പുറത്തായി. ഡല്‍ഹിയ്ക്കായി നോര്‍ജെ രണ്ട് വിക്കറ്റും റബാഡ, സ്‌റ്റോയ്‌നിസ് എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ആദ്യമായി ഫൈനലിലെത്തിയ ഡല്‍ഹിയ്ക്ക് കിരീടം നേടാനായില്ല. കഴിഞ്ഞ 13 സീസണുകളിലായി ഡല്‍ഹിയ്ക്ക് ഒരു കിരീടം പോലും സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. പതർച്ചയോടെയായിരുന്നു ഡൽഹിയുടെ തുടക്കം. ആദ്യ ഓവറുകളില്‍ മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തകര്‍ച്ച നേരിട്ട ഡല്‍ഹിക്ക് തുണയായത് ശ്രേയസ് അയ്യരുടെയും ഋഷഭ് പന്തിന്റെയും അർധ സെഞ്ചുറി നേട്ടമാണ്.

ശ്രേയസ് 50 പന്തില്‍ 65 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നപ്പോള്‍ പന്ത് 38 ബോളില്‍ 56 റണ്‍സ് നേടി. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഡല്‍ഹിയ്ക്ക് വേണ്ടി കഴിഞ്ഞ മത്സരത്തിലെന്നപോലെ ഈ കളിയിലും ശിഖര്‍ ധവാനും സ്‌റ്റോയിനിസും ചേര്‍ന്നാണ് ഓപ്പണിങ്ങിനിറങ്ങിയത്. ആദ്യ ബോളില്‍ തന്നെ മാര്‍ക്കസ് സ്റ്റോയ്നിസിനെ നഷ്ടപ്പെട്ടതാണ് ഡല്‍ഹിയ്ക്ക് തിരിച്ചടിയായത്. സ്റ്റോയിനിസിന് പകരം ക്രീസിലെത്തിയത് അജിങ്ക്യ രഹാനെയാണ്. വെറും രണ്ട് റണ്‍സെടുത്ത താരത്തെ പുറത്താക്കി ബോള്‍ട്ട് രണ്ടാം വിക്കറ്റ് നേട്ടവും സ്വന്തമാക്കി.

നാലാം ഓവറില്‍ ധവാൻ പുറത്തായതോടെയാണ് ഡൽഹിക്ക് തകർച്ച മുന്നിൽ കാണാൻ സാധിച്ചത്. പിന്നീട് നായകന്‍ ശ്രേയസ് അയ്യരും ഋഷഭ് പന്തും ചേര്‍ന്ന് എട്ടാം ഓവറില്‍ സ്‌കോര്‍ 50 കടത്തിയതോടെ ഡൽഹിക്ക് ആശ്വാസമായി. 13 ഓവറില്‍ ടീം 100 കടക്കുകയും ചെയ്തു. മുംബൈയ്ക്ക് വേണ്ടി ബോള്‍ട്ട് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കോള്‍ട്ടര്‍ നൈല്‍ രണ്ട് വിക്കറ്റ് നേടി. ജയന്ത് യാദവ് ഒരു വിക്കറ്റ് സ്വന്തമാക്കി.

Story highlights- mumbai indians won