‘ദൃശ്യം 2’ ഡബ്ബിംഗ് പൂർത്തിയാക്കി മുരളി ഗോപി

November 25, 2020

പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ജീത്തു ജോസഫ് ചിത്രമാണ് ദൃശ്യം 2. മോഹൻലാലിനൊപ്പം ദൃശ്യത്തിൽ വേഷമിട്ട താരങ്ങൾ തന്നെയാണ് രണ്ടാം ഭാഗത്തിലും എത്തുന്നത്. എന്നാൽ മുരളി ഗോപി മാത്രം പുതിയ കഥാപാത്രമാണ്. അതുകൊണ്ടു തന്നെ ദൃശ്യം 2വുമായി ബന്ധപ്പെട്ട വിശേഷങ്ങളിൽ വേറിട്ടുനിൽക്കുന്നതും മുരളി ഗോപിയുടെ കഥാപാത്രത്തെ കുറിച്ചാണ്. പോലീസ് വേഷത്തിലാണ് മുരളി സിനിമയിലെത്തുന്നതെന്ന് ലൊക്കേഷൻ ചിത്രങ്ങളിൽ നിന്നും വ്യക്തമായിരുന്നു.

ഇപ്പോഴിതാ, ചിത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കിയതായി പങ്കുവയ്ക്കുകയാണ് താരം. ലൊക്കേഷനിൽ നിന്നുള്ള മറ്റൊരു ചിത്രത്തിനൊപ്പമാണ് മുരളി ഗോപി വിശേഷം പങ്കുവെച്ചത്. ആദ്യ ഭാഗത്ത് കലാഭവൻ ഷാജോൺ അവതരിപ്പിച്ച സഹദേവൻ എന്ന പോലീസ് ഉദ്യോഗസ്ഥനുമായി രൂപത്തിൽ സാമ്യമുള്ളതുകൊണ്ട് ഒന്നാം ഭാഗത്തിന്റെ തുടർച്ചയാകുമോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. എന്നാൽ, ആദ്യ ഭാഗത്തെ അപേക്ഷിച്ച് ദൃശ്യം 2 തികച്ചും കുടുംബ ചിത്രമായിരിക്കും എന്നാണ് ജീത്തു ജോസഫ് പങ്കുവെച്ചത്.

Read More: ഇന്ന് അർധരാത്രി മുതൽ ദേശീയ പണിമുടക്ക്

അതേസമയം, ദൃശ്യം 2 ഷൂട്ടിംഗ് പ്രതീക്ഷിച്ചതിലും നേരത്തെ 46 ദിവസങ്ങൾകൊണ്ട് പൂർത്തിയാക്കാൻ സാധിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൊടുപുഴയിലാണ് സിനിമ ചിത്രീകരിച്ചത്. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി താരങ്ങളെല്ലാം കൊവിഡ് പരിശോധന പൂർത്തിയാക്കിയിരുന്നു. ജീത്തു ജോസഫ് തന്നെ രചനയും സംവിധാനവും നിർവഹിക്കുന്ന ദൃശ്യം 2 ഒന്നാം ഭാഗത്തിന്റെ തുടർച്ചയല്ല.  മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ എന്നിവരാണ് കുടുംബാംഗങ്ങളായി എത്തുന്നത്. ആശ ശരത്ത്, സിദ്ദിഖ്, സായ് കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്,അഞ്ജലി നായർ, ആദം അയൂബ്, അജിത് കൂത്താട്ടുകുളം എന്നിവരും ദൃശ്യം 2 വിൽ വേഷമിടുന്നു. കൊച്ചിയിലും തൊടുപുഴയിലുമായാണ് ചിത്രീകരണം നടന്നത്.

Story highlights- murali gopi completed dubbing for drishyam 2