ഷൂട്ടിംഗ് സെറ്റിൽ അഭിനയം മാത്രമല്ല, പാട്ടുമുണ്ട്- ശ്രദ്ധനേടി നിത്യ മേനോന്റെ വീഡിയോ

നിത്യ മേനോനും വിജയ് സേതുപതിയും ഒന്നിക്കുന്ന മലയാള സിനിമ ’19 (1) (a)’ യുടെ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുകയാണ്. ഷൂട്ടിംഗ് സെറ്റിൽ രസകരമായ നിമിഷങ്ങൾ സമ്മാനിച്ച് നടി നിത്യ മേനോൻ സജീവമാകുകയാണ്. ഇപ്പോഴിതാ, 1994 ൽ പുറത്തിറങ്ങിയ ‘ഡ്യുയറ്റ്’ എന്ന ചിത്രത്തിലെ ഗാനം ഷൂട്ടിംഗ് ഇടവേളയിൽ ആലപിക്കുന്ന നിത്യയുടെ വീഡിയോ ശ്രദ്ധ നേടുകയാണ്.

എ ആർ റഹ്മാൻ സംഗീതം നൽകി എസ് പി ബാലസുബ്രഹ്മണ്യം, നോയൽ ജെയിംസ് എന്നിവർ ചേർന്ന് ആലപിച്ച ‘എൻ കാതലേ’ എന്ന ഗാനമാണ് നിത്യ മേനോൻ ആലപിക്കുന്നത്. അഭിനയത്തിലെന്ന പോലെ പാട്ടിലും തിളങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് നിത്യ മേനോൻ.

അതേസമയം, നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘19 (1) (a)’. ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സലിം അഹമ്മദിനോടൊപ്പം ആദാമിനെ മകൻ അബു, പത്തേമാരി തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച വ്യക്തിയാണ് ഇന്ദു. ഒന്നര വർഷം മുൻപ് തന്നെ താരങ്ങളുമായി ചർച്ചകൾ നടത്തിയിരുന്നു. 2020ന്റെ തുടക്കത്തിൽ സിനിമ ചിത്രീകരണം ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും കൊവിഡ് പ്രതിസന്ധി കാരണം നീളുകയായിരുന്നു.

ചിത്രത്തിൽ നിത്യ മേനൻ, വിജയ് സേതുപതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിജയ് സേതുപതിയുടെ രണ്ടാമത്തെ മലയാള സിനിമയാണിത്. ഇന്ദ്രൻസ്, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.

Read More: ഹോട്ടൽ ജീവനക്കാരന്റെ പിറന്നാളിന് ആവേശത്തോടെ പാട്ടുപാടി തൈമൂർ അലി ഖാൻ- രസകരമായ വീഡിയോ

കോളാമ്പി, ആറാം തിരുകൽപ്പന എന്നെ ചിത്രങ്ങളാണ് നിത്യ മേനോൻ നായികയായി റിലീസ് ചെയ്യാനുള്ളത്. കൊവിഡ് പ്രതിസന്ധി കാരണം ഇൻഡോർ ഷൂട്ടിംഗുകൾ ആദ്യം പൂർത്തിയാക്കാനാണ് തീരുമാനം. സംഗീതസംവിധായകൻ ഗോവിന്ദ് വസന്ത, ജോസഫ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ മനീഷ് മാധവൻ തുടങ്ങിയവർ ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിലുണ്ട്.

Story highlights-  Nithya Menen have fun on the sets