‘ഇതാണ് എന്റെ ഫസ്റ്റ് ലുക്ക്’- ഷൂട്ടിംഗ് തിരക്കുകളിലേക്ക് ചേക്കേറി റഹ്‌മാൻ

ഒരുകാലത്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു റഹ്‌മാൻ. മലയാളത്തിൽ കൂടുതലും സഹതാരമായാണ് തിളങ്ങിയതെങ്കിലും തമിഴിൽ നായക വേഷങ്ങളാണ് ചെയ്തിരുന്നത്. 1980കളായിരുന്നു റഹ്മാന്റെ സജീവ കാലഘട്ടം. ഇപ്പോൾ വീണ്ടും മികച്ച വേഷങ്ങളിൽ സിനിമയിൽ തിരക്കേറുകയാണ് റഹ്‌മാന്‌. സിനിമയ്ക്ക് പുറമെ സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. തന്റെ പുത്തൻ ലുക്കിലുള്ള ചിത്രം ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് റഹ്‌മാൻ.

‘എട്ട് മാസത്തെ വീട്ടിലിരിപ്പിന് ശേഷം വീണ്ടും ജോലിയിലേക്ക്. ജോലിക്ക് പോകുന്നതിന് മുമ്പുള്ള എന്റെ ഫസ്റ്റ് ലുക്ക് ഷെയര്‍ ചെയ്യുന്നതുപോലെ തോന്നുന്നു. മുടിയും താടിയുമൊക്കെ പോയി. പുതിയ പ്രൊജക്റ്റുകള്‍ക്കായുള്ള സമയം’ എന്നാണ് റഹ്‌മാൻ കുറിച്ചിരിക്കുന്നത്.

അതേസമയം, റഹ്‌മാൻ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആറു ചിത്രങ്ങളാണ് അണിയറയിൽ പുരോഗമിക്കുന്നത്. സുബ്ബുറാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തന്റെ ഭാഗങ്ങൾക്കായി താരം ഡബ്ബിംഗും പൂർത്തിയാക്കിയിട്ടുണ്ട്.

റഹ്മാന്റെ സിനിമാ ജീവിതത്തിലെ വ്യത്യസ്തമായ ഒരു ചിത്രമാണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നായകനായി തന്നെയാണ് അദ്ദേഹം രണ്ടാം വരവിൽ ശക്തമായ തിരിച്ചുവരവ് നടത്തുന്നത്. മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’, ജയം രവിയുടെ ‘ജന ഗണ മന’, വിശാലിന്റെ ‘തുപ്പരിവാളൻ 2’, ‘ഓപ്പറേഷൻ അരപൈമ’, ‘നാടക മേടൈ’, ‘സർവ്വാധികാരി’ എന്നീ ചിത്രങ്ങളിലും റഹ്‌മാൻ വേഷമിടുന്നുണ്ട്.

തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി നൂറ്റമ്പതിലേറെ ചിത്രങ്ങളിൽ വേഷങ്ങൾ ചെയ്തിട്ടുണ്ട് റഹ്‌മാൻ. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നു റഹ്‌മാൻ.

Story highlights- rahman’s new look