മഞ്ഞിൽ വിരിഞ്ഞ പൂവുപോൽ സാനിയ- ഹിമാലയത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് പ്രിയനടി

നടിയും നർത്തകിയുമായ സാനിയ ഇയ്യപ്പൻ പുതിയ ചിത്രങ്ങളുടെ തിരക്കുകളിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ്. യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടപ്പെടുന്ന സാനിയ ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ തന്നെ കഴിയേണ്ടി വന്ന സാഹചര്യത്തിൽ നിന്നും മാറിയ സന്തോഷത്തിലാണ്. ഇപ്പോഴിതാ, തന്റെ ജമ്മു കശ്മീർ യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നടി.

കാശ്മീർ ഡയറീസ് എന്ന ക്യാപ്ഷനൊപ്പമാണ് സാനിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ എന്ന സിനിമയിലാണ് നടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയായാണ് സാനിയ എത്തുന്നത്. സൂരജ് ടോം സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഹൊറർ ത്രില്ലറായാണ് ഒരുങ്ങുന്നത്.

മലയാള സിനിമയിലെ ഏറ്റവും സ്റ്റൈലിഷായ യുവനടിമാരിൽ ഒരാളാണ് സാനിയ ഇയ്യപ്പൻ. ലുക്കിലും വേഷത്തിലും നിരവധി ഫാഷൻ പരീക്ഷണങ്ങൾ നടത്താറുള്ള സാനിയയുടെ ഓരോ ലുക്കും ശ്രദ്ധ നേടാറുണ്ട്. അതേസമയം, അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും വിസ്മയിപ്പിക്കുന്ന സാനിയ ഇയ്യപ്പൻ പുതിയ തുടക്കത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ്. വസ്ത്ര വ്യാപാര രംഗത്താണ് സാനിയ തന്റെ കയ്യൊപ്പ് പതിപ്പിക്കാനൊരുങ്ങുന്നത്. സാനിയസ് സിഗ്നേച്ചർ എന്ന പേരിൽ ആരംഭിച്ച ക്ലോത്തിങ് ബ്രാൻഡിന്റെ വിശേഷങ്ങൾ സാനിയ തന്നെയാണ് പങ്കുവെച്ചത്. ഓൺലൈൻ സ്റ്റോറാണ് നടി ആരംഭിച്ചിരിക്കുന്നത്.

അതേസമയം, ‘ദി പ്രീസ്റ്റ്’ എന്ന ചിത്രത്തിലാണ് സാനിയ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ലോക്ക് ഡൗൺ കാലം ഫോട്ടോഷൂട്ട് പരീക്ഷണങ്ങളും ഫിറ്റ്നസ്, സൗന്ദര്യ നിർദേശങ്ങളും പങ്കുവയ്ക്കുന്ന യൂട്യൂബ് ചാനലുമൊക്കെയായി തിരക്കിലായിരുന്നു സാനിയ ഇയ്യപ്പൻ. 

ബാലതാരമായി സിനിമയിലേക്കെത്തിയ സാനിയ ബാല്യകാല സഖി എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് അപ്പോത്തിക്കരി എന്ന ചിത്രത്തിലും വേഷമിട്ടു. 2017ൽ ക്വീൻ എന്ന ക്യാമ്പസ് ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച സാനിയ ഇന്ന് പത്തോളം സിനിമകളിൽ വേഷമിട്ടു കഴിഞ്ഞു. അഭിനയത്തിന് പുറമെ നൃത്തത്തിലും മോഡലിംഗിലും താരം സജീവമാണ്.

Story highlights- saniya iyyappan’s kashmirdiaries