ദുബായ് പശ്ചാത്തലത്തിൽ ലാൽ ജോസിന്റെ മൂന്നാമത്തെ ചിത്രം- താരങ്ങളായി സൗബിൻ ഷാഹിറും മംമ്ത മോഹൻദാസും

സംവിധായകൻ ലാൽ ജോസ് പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. ഇക്ബാൽ കുറ്റിപ്പുറത്തിന്റെ തിരക്കഥയിൽ ദുബായിലാണ് ചിത്രം ഒരുങ്ങുന്നത്. മുൻപ്, അറബിക്കഥയിലും ഡയമണ്ട് നെക്ലേസിലും ഇക്‌ബാൽ കുറ്റിപ്പുറത്തിനൊപ്പം ലാൽ ജോസ് പ്രവർത്തിച്ചിരുന്നു. ഈ ചിത്രങ്ങളും ദുബായ് പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്.

ദസ്ത്ഗീർ, സുലേഖ എന്നീ ദമ്പതികളെ ചുറ്റിപ്പറ്റിയാണ് ചിത്രം. സൗബിൻ ഷാഹിറും മംമ്ത മോഹൻദാസുമാണ് ഈ വേഷങ്ങളിൽ എത്തുന്നത്, കോളേജ് ജീവിതത്തിന് ശേഷം ആലുവ സ്വദേശിയായ ദസ്ത്ഗീർ ദുബായിൽ സ്ഥിരതാമസമാക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രം പങ്കുവയ്ക്കുന്നത്.

ഇവർക്ക് പുറമെ, സലിം കുമാറും ഒരു റഷ്യൻ നടിയും പ്രധാന വേഷങ്ങളിൽ എത്തും. തണ്ണീർമത്തൻ ദിനങ്ങളിലൂടെയും, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയും ശ്രദ്ധേയനായ ജസ്റ്റിൻ വർഗീസാണ് ലാൽ ജോസ് ചിത്രത്തിന്റെയും സംഗീതം ഒരുക്കുന്നത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി എന്ന ഫഹദ് ഫാസിൽ ചിത്രത്തിനും സംഗീതം ഒരുക്കുന്നത് ജസ്റ്റിനാണ്.

Read More: ജല്ലിഗുഡ്; ഓസ്‌കാര്‍ നേമിനേഷന്‍ നേടിയ ജല്ലിക്കട്ടിന് ആദരവുമായി അമൂലിന്റെ ഡൂഡില്‍

അതേസമയം, സോഹൻ സീനുലാൽ ഒരുക്കുന്ന അൺലോക്ക് എന്ന ചിത്രത്തിലാണ് മംമ്ത മോഹൻദാസ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ലോക്ക് ഡൗണിനു ശേഷമുള്ള മംമ്‌തയുടെ രണ്ടാമത്തെ സിനിമയാണ് ലാൽ ജോസ് ചിത്രം. സിദ്ധാർത്ഥ് ഭരതന്റെ ജിന്ന്, നസീഫ് യൂസഫ് ഇസുദ്ദീന്റെ ഇരുൾ എന്നെ ചിത്രങ്ങളിലാണ് സൗബിൻ ഷാഹിർ അവസാനമായി അഭിനയിച്ചത്. ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണ്.

Story highlights- Mamta, Soubin Shahir in Lal Jose’s next film