ജനുവരി 13 മുതല്‍ കേരളത്തിലെ തിയേറ്ററുകള്‍ തുറക്കും; ആദ്യം പ്രദര്‍ശനത്തിനെത്തുന്ന ചിത്രം മാസ്റ്റര്‍

Film Theaters will be open in Kerala from Wednesday

കൊവിഡ് 19 മഹാമാരിമൂലം പ്രതിസന്ധിയിലായ സിനിമാ മേഖല വീണ്ടും കേരളത്തില്‍ സജീവമാകുന്നു. ജനുവരി 13 (ബുധനാഴ്ച) മുതല്‍ സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കും. ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റേതാണ് തീരുമാനം. വിജയ് കേന്ദ്ര കഥാപാത്രമായെത്തുന്ന മാസ്റ്റര്‍ ആയിരിക്കും തിയേറ്ററുകളില്‍ ആദ്യം പ്രദര്‍ശനത്തിനെത്തുന്ന ചിത്രം. മലയാള സിനിമകള്‍ മുന്‍ഗണനാ അടിസ്ഥാനത്തിലായിരിക്കും റിലീസ് ചെയ്യുക.

മുഖ്യമന്ത്രി പിണറായി വിജയന്‍ സിനിമാ സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബുധനാഴ്ച മുതല്‍ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമായത്. 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയേറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ തിയേറ്ററുകള്‍ അടഞ്ഞ് കിടന്ന പത്ത് മാസത്തെ വൈദ്യുത ഫിക്‌സഡ് ചാര്‍ജും അമ്പത് ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചു.

Read more: ‘സാഗരങ്ങളെ പാടിയുണര്‍ത്തി…’ ശ്രീകുമാറിന്റെ പിറന്നാള്‍ ആശംസ

അതേസമയം നാളുകള്‍ക്ക് ശേഷം തിയേറ്റര്‍ സജീവമാകുമ്പോള്‍ പ്രതീക്ഷയേറെയാണ് ചലച്ചിത്രലോകത്തും. വിജയ് ചിത്രം മാസ്റ്ററിനായി കാത്തിരിയ്ക്കുന്ന ചലച്ചിത്ര ആസ്വാദകര്‍ക്ക് ആശ്വാസം പകരുന്നതാണ് സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കുന്നു എന്ന പ്രഖ്യാപനം. ‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് മാസ്റ്റര്‍.

അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. അതേസമയം പുതുമകളേറെയുള്ള ചിത്രമാണ് മാസ്റ്റര്‍ എന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ക്ലീഷേകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയ് സേതുപതി ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായെത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെര്‍മിയ, അര്‍ജുന്‍ ദാസ്, ശന്തനു ഭാഗ്യരാജ്, ഗൗരി കൃഷ്ണന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

Story highlights: Film Theaters will be open in Kerala from Wednesday