‘അന്ന് സങ്കടപ്പെട്ടപ്പോൾ ഒപ്പം നിന്നവരോടൊക്കെ ഒന്നാം വർഷത്തിൽ നന്ദി പറയുകയാണ്’- മരട് ഫ്ലാറ്റിന്റെ ഓർമകളിൽ മേജർ രവി

മരട് ഫ്ലാറ്റ് സമുച്ചയം പൊളിച്ചതിന്റെ ഒന്നാം വാർഷികത്തിൽ ഫ്ളാറ്റിലെ താമസക്കാരനായിരുന്ന മേജർ രവി ഓർമകൾ പങ്കുവയ്ക്കുകയാണ്. ഒരുപാട് ആളുകളുടെ സ്വപ്‌നങ്ങൾ തകർത്ത ദിവസമാണെന്നും ചരിത്രത്തിൽ ഇതൊരു കറുത്ത ദിവസമായിരിക്കുമെന്നുമാണ് ഫേസ്ബുക്കിൽ മേജർ രവി പങ്കുവെച്ചത്. പാലക്കാട് കൊല്ലങ്കോട്ട് ഷൂട്ടിംഗിന് എത്തിയപ്പോഴാണ് മേജർ രവി അന്നുണ്ടായ മാനസികാവസ്ഥ പങ്കുവെച്ചത്.

‘അന്ന് സങ്കടപ്പെട്ടപ്പോൾ ഒപ്പം നിന്നവരോടൊക്കെ ഒന്നാം വർഷത്തിൽ നന്ദി പറയുകയാണ്. നഷ്ടപ്പെട്ടവർക്കു മാത്രമെ ദുഃഖം മനസിലാകൂ. പെൻഷൻ വാങ്ങി ജീവിച്ചിരുന്ന പലരും ഇന്നും വാടക വീടുകളിലാണ്. അതൊക്കെ കാണുമ്പോൾ വേദനയുണ്ട്.

ജനുവരി 11, കഴിഞ്ഞ വർഷം ഈ ദിവസം, കുറേ മലയാളികൾ സങ്കപ്പെടുകയും മറ്റ് ചിലർ കയ്യടിക്കുകയും ചെയ്ത ദിവസമാണ്. മരട് ഫ്ലാറ്റുകൾ പൊളിഞ്ഞു വീണ ആ ദിവസത്തിന് ഒരു വര്‍ഷം. ഇതിനു പിന്നിൽ വേദനിക്കുന്ന ഒരുപാട് കുടുംബങ്ങളുണ്ട്. അവർ ഇപ്പോഴും ആ സങ്കടത്തിൽ തന്നെയായിരുന്നു. അന്ന് ഈ ഫ്ലാറ്റുകൾ പൊളിച്ചില്ലായിരുന്നെങ്കിൽ കോവിഡിന്റെ സമയത്ത് പല കാര്യങ്ങള്‍ക്കായി അതിനെ ഉപയോഗിക്കാമായിരുന്നു. എന്തിനായിരുന്നു അത് ഇത്രവേഗം പൊളിച്ചുകളഞ്ഞത്. ആയിരം ആളുകൾക്കെങ്കിലും ഈ കോവിഡ് കാലത്ത് ആ ഫ്ലാറ്റുകള്‍ അഭയം നൽകിയേനെ.

പെൻഷൻ മേടിച്ച് കിട്ടിയ പൈസ കൊണ്ട് ജീവിച്ച കുടുംബങ്ങൾ ഫ്ലാറ്റിലുണ്ടായിരുന്നു. അവര്‍ ഇപ്പോൾ വാടക വീട്ടിലാണ് താമസിക്കുന്നത്. ഒരുപാട് ആളുകളുടെ സ്വപ്നങ്ങൾ തകർന്നുവീണ ദിവസമാണ് ജനുവരി പതിനൊന്ന്.കേരളത്തിന്റെ ചരിത്രത്തിൽ ഇതൊരു കറുത്ത ദിവസമാണ്. കാരണം ഇവിടെ എല്ലാവർക്കും നഷ്ടം മാത്രമാണ് സംഭവിച്ചത്’. മേജർ രവി പറയുന്നു.

Read More: അനശ്വര രാജന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന വാങ്ക് ജനുവരി 29 മുതല്‍ തിയേറ്ററുകളിലേയ്ക്ക്

ഇന്ത്യയിലാദ്യമായായിരുന്നു ഇത്രവലിയ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ തകർത്തത്. തീരദേശ പരിപാലനവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പാലിക്കാതെ ഫ്ലാറ്റ് സമുച്ചയം നിര്‍മിച്ചതിന്റെ പേരിലാണ് ഫ്ലാറ്റുകൾ ഉത്തരവിട്ടത്.

Story highlights- major ravi about maradu flat demolition