അന്ന് ചികിത്സയ്ക്ക് പണമില്ലാതിരുന്ന കുഞ്ഞിനെ സഹായിക്കാൻ ബാബു നൽകിയത് മകന് മരുന്ന് വാങ്ങാൻ വെച്ചിരുന്ന കാശ്; ഇന്ന് മകന്റെ ചികിത്സ ഏറ്റെടുത്ത് മേജർ രവിയും

August 14, 2020

പലപ്പോഴും മറ്റുള്ളവരുടെ ബുദ്ധിമുട്ട് കാണുമ്പോൾ സ്വന്തം വേദന മറന്ന് സഹായഹസ്തവുമായി എത്തുന്ന നിരവധി നന്മ മനസുകളെക്കുറിച്ച് നാം കേൾക്കാറുണ്ട്. അത്തരത്തിൽ ഒരാളാണ് ഓട്ടോ ഡ്രൈവറായ ബാബു. സ്വന്തം മകൻ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്, മകന്റെ ചികിത്സയ്ക്കും കുടുംബം പുലർത്തുന്നതിനുമായി ബാബുവിന്റെ ആകെയുള്ള വരുമാന മാർഗം ഓട്ടോ ഓടിക്കലാണ്. അങ്ങനെ വണ്ടിയോടി കിട്ടുന്ന തുകയെല്ലാം സമ്പാദിച്ച് മകന് മരുന്ന് വാങ്ങാൻ ഇരിക്കുമ്പോഴാണ് മറ്റൊരു കുഞ്ഞിന് ചികിത്സയ്ക്കായി അത്യാവശ്യമായി പണം വേണമെന്ന് ബാബു അറിയുന്നത്. ഉടനെ മറ്റൊന്നും ആലോചിക്കാതെ ബാബു താൻ കരുതിവെച്ചിരുന്ന പണം ഈ കുഞ്ഞിനായി നൽകി.

ബാബുവിന്റെ ഈ നന്മ മനസിനെക്കുറിച്ച് കേട്ടറിഞ്ഞ് നിരവധിപ്പേർ ബാബുവിനെ അഭിനന്ദിച്ചെത്തിയിരുന്നു. ചലച്ചിത്രതാരം മേജർ രവിയും ബാബുവിനെക്കുറിച്ച് അറിഞ്ഞതോടെ ബാബുവിന്റെ മകന്റെ ചികിത്സ ഏറ്റെടുത്തിരിക്കുകയാണ് മേജർ രവി. ബാബു ഓട്ടോ ഓടിക്കുന്ന സ്റ്റാൻഡിൽ നേരിട്ടെത്തിയാണ് മേജർ രവി സാമ്പത്തീക സഹായം നൽകിയത്. ബാബുവിന്റെ മനസാണ് നാം കാണേണ്ടതെന്നും അതുകൊണ്ടാണ് താൻ നേരിട്ടെത്തി ബാബുവിനെ കാണാൻ തയാറായതെന്നും മേജർ രവി പറഞ്ഞു.

Read also: കറുപ്പാണ് കരുത്തും സൗന്ദര്യവും- നിറത്തിന്റെ പേരിലുണ്ടായ വിവേചനങ്ങൾ വിജയമാക്കിയ പെൺകുട്ടിയുടെ അനുഭവക്കുറിപ്പ്

ആലുവയിൽ നാണയം വിഴുങ്ങി മൂന്ന് വയസുള്ള കുഞ്ഞ് ചികിത്സയിൽ കഴിഞ്ഞപ്പോഴാണ് സഹായ ഹസ്തവുമായി ഓട്ടോ ഡ്രൈവറായ ബാബു എത്തിയത്. എന്തായാലും നിരവധിപ്പേരാണ് ബാബുവിനെയും ഇപ്പോൾ ബാബുവിന്റെ മകന്റെ ചികിത്സ ഏറ്റെടുത്ത മേജർ രവിയേയും അഭിനന്ദിച്ച് രംഗത്തെത്തുന്നത്.

Story Highlights: auto driver receives help from major Ravi