സൈനിക സിനിമകൾക്ക് ഇടവേള നൽകി മേജർ രവി; പുതിയ ചിത്രത്തിൽ സുരേഷ് ഗോപിയും ആശ ശരത്തും

September 19, 2020

മേജർ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനായി സുരേഷ് ഗോപി എത്തുന്നു.സൈനിക സിനിമകളിൽ നിന്നും ഒരു ഇടവേളയെടുത്ത് ഫീൽ ഗുഡ് ചിത്രവുമായാണ് മേജർ രവി ഇത്തവണ എത്തുന്നത്. സുരേഷ് ഗോപിക്കൊപ്പം ആശ ശരത്താണ് ചിത്രത്തിൽ വേഷമിടുന്നത്.

35 വർഷങ്ങൾക്ക് ശേഷം ഒരു ചടങ്ങിൽ കണ്ടുമുട്ടുന്ന ബാല്യകാല സുഹൃത്തുക്കളുടെ കഥയാണ് പുതിയ ചിത്രത്തിലൂടെ മേജർ രവി പങ്കുവയ്ക്കുന്നത്. സുരേഷ് ഗോപിയുടെയും ആശ ശരത്തിന്റെയും ബാല്യകാലം അവതരിപ്പിക്കുന്ന കുട്ടികൾക്കാണ് ചിത്രത്തിൽ പ്രധാന്യം.

കുട്ടിക്കാലത്തെ എല്ലാ സുഹൃത്തുക്കളുമായും ബന്ധം നഷ്ടപ്പെട്ട് ഉപരിപഠനത്തിനായി പോകുന്നതാണ് സുരേഷ് ഗോപിയുടെ കഥാപാത്രം. വർഷങ്ങൾക്ക് ശേഷം മടങ്ങിയെത്തിയപ്പോൾ ബാല്യകാല സുഹൃത്തായ ആശ ശരത്തിന്റെ കഥാപാത്രവുമായി ഓർമ്മകൾ പങ്കുവയ്ക്കുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം.

Read More:എം ടിയുടെ ‘രണ്ടാമൂഴം’ തിരക്കഥ വി എ ശ്രീകുമാർ തിരികെ നൽകും

ഗാൽവാൻ ബ്രിഡ്ജ്, ദ ബാറ്റിൽ ഓഫ് ഡോഗ്രായ്, റെയ്ഡ് ഓഫ് മണ്ടോൾ എന്നിവയുൾപ്പെടെ നിരവധി പ്രോജക്ടുകൾ നേരത്തെ പ്രഖ്യാപിച്ച മേജർ രവി നിലവിലെ സാഹചര്യം കണക്കിലെടുത്ത് സുരേഷ് ഗോപി ചിത്രമാണ് ആദ്യം ചിത്രീകരിക്കുക. കൊവിഡ് പ്രതിസന്ധിയിൽ കേരളത്തിൽ തന്നെ ചിത്രീകരിക്കാൻ സാധിക്കുന്നത് ഈ ചിത്രം മാത്രമാണ്. പാലക്കാടാണ് സിനിമയുടെ ചിത്രീകരണം നടക്കുക.

Story highlights- suresh gopi and asha sarath in major ravi’s next