മഞ്ജു വാര്യർ നായികയായ ഹൊറർ ത്രില്ലർ ‘ചതുർമുഖം’ ഫെബ്രുവരിയിൽ തിയേറ്ററുകളിലേക്ക്

മഞ്ജു വാര്യർ നായികയാകുന്ന ചതുർമുഖം റിലീസിന് ഒരുങ്ങുന്നു. ഫെബ്രുവരിയിലാണ് ചിത്രം റീലിസിന് എത്തുന്നതെന്ന് നിർമാതാക്കൾ അറിയിച്ചു. സണ്ണി വെയ്‌നും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ചതുർമുഖം. ഒരു ഹൊറർ ത്രില്ലർ ആണ് ചിത്രം. രഞ്ജിത് കമല ശങ്കറും സലീൽ വിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ മഞ്ജു വാര്യർക്ക് പരിക്ക് പറ്റിയിരുന്നു.

അതേസമയം, റീലീസ് കാത്തിരിക്കുന്ന ചിത്രങ്ങളെല്ലാം മുൻഗണന അനുസരിച്ച് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ജനുവരി പതിമൂന്നിനാണ് തിയേറ്ററുകൾ വീണ്ടും സജീവമാകുന്നത്. ആദ്യമെത്തുക തമിഴ് ചിത്രം മാസ്റ്ററാണ്. പിന്നാലെ മരക്കാർ; അറബിക്കടലിന്റെ സിംഹം, ദി പ്രീസ്റ്റ്, തുറമുഖം തുടങ്ങി നിരവധി ചിത്രങ്ങളാണ് റിലീസിന് എത്തുന്നത്.

Read More: തിയേറ്റർ സജീവമാകുമ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്ന 7 ചിത്രങ്ങൾ

മഞ്ജു വാര്യർ നായികയായി നിരവധി ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. മരക്കാറിലും മഞ്ജു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജാക്ക് ആൻഡ് ജിൽ, ലളിതം സുന്ദരം, കയറ്റം തുടങ്ങി ഒട്ടേറെ സിനിമകൾ ഉടൻ തന്നെ തിയേറ്ററിലേക്ക് എത്തും.

Story highlights- manju warrier chathurmukham movie release