തിയേറ്റർ സജീവമാകുമ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്ന 7 ചിത്രങ്ങൾ

January 12, 2021

തിയേറ്റർ തുറക്കുന്നതോടെ സിനിമാമേഖല സജീവമാകുകയാണ്. ഒരുവർഷത്തോളമായി റിലീസ് കാത്തിരിക്കുന്ന 85 ചിത്രങ്ങളാണ് മുൻഗണന ക്രമത്തിൽ തിയേറ്ററിലേക്ക് എത്താൻ ഒരുങ്ങുന്നത്. പ്രേക്ഷകരും ഈ അവസരത്തിൽ ആവേശത്തിലാണ്. നിരവധി ഒടിടി റിലീസുകൾ ഉണ്ടായെങ്കിലും തിയേറ്റർ അനുഭവത്തെ കൈവിടാൻ മലയാളി പ്രേക്ഷകർ തയ്യാറല്ല. പ്രേക്ഷകരിൽ പ്രതീക്ഷ ഉണർത്തുന്ന തിയേറ്റർ റിലീസുകൾ നിരവധിയാണ്. മരക്കാർ മുതൽ കുറുപ്പ് വരെ നീളുന്നു ഈ പട്ടിക. സിനിമാപ്രേക്ഷകർ കാണാൻ കാത്തിരിക്കുന്ന പ്രധാന സിനിമകൾ പരിചയപ്പെടാം.

മരക്കാർ; അറബിക്കടലിന്റെ സിംഹം

പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന ഏതുചിത്രവും പ്രേക്ഷകർക്ക് ഉത്സവമാണ്. ഏറെ നാളുകൾക്ക് ശേഷം ചരിത്ര സിനിമയുമായി ഇരുവരും എത്തുമ്പോൾ ആവേശം ചെറുതല്ല. മാത്രമല്ല, ചിത്രത്തിൽ അണിനിരക്കുന്ന താരങ്ങളും പ്രതീക്ഷ വാനോളം ഉയർത്തുന്നു.മാർച്ച് 26ന് തീയേറ്ററിൽ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. മലയാളത്തിന് പുറമെ അഞ്ചു ഭാഷകളിലായാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകർ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമയിൽ മോഹൻലാലിന് പുറമെ ഒട്ടേറെ സൂപ്പർതാരങ്ങൾ അണിനിരക്കുന്നുണ്ട്. മഞ്ജു വാര്യർ, തമിഴ് നടൻ പ്രഭു, സുനില്‍ ഷെട്ടി, നെടുമുടി വേണു, സുഹാസിനി, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചരിത്ര പുരുഷൻ കുഞ്ഞാലിമരയ്ക്കാരുടെ ത്രസിപ്പിക്കുന്ന ജീവിത കഥയുമായാണ് ചിത്രം എത്തുന്നത്. ജനുവരി 26നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

ദി പ്രീസ്റ്റ്  

മമ്മൂട്ടിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ദി പ്രീസ്റ്റ് കാത്തിരിക്കാൻ ഒട്ടേറെ കാരണങ്ങളുള്ള ചിത്രമാണ്. മലയാള സിനിമയിൽ സജീവ സാന്നിധ്യമായ മഞ്ജു വാര്യർ ആദ്യമായി മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. നിഖില വിമലും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട് ചിത്രത്തില്‍. ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കുറുപ്പ്

മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘കുറുപ്പ്’. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് എത്തുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെ സംവിധാനം. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ദുല്‍ഖറും ശ്രീനാഥ് രാജേന്ദ്രനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിനു വേണ്ടിയുള്ള ദുല്‍ഖര്‍ സല്‍മാന്റെ മേക്കോവറും ചലച്ചിത്ര ലോകത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

മാലിക്

മാലിക്കിനു വേണ്ടിയുള്ള ഫഹദ് ഫാസിലിന്റെ മേക്കോവര്‍ ചിത്രങ്ങളും ചലച്ചിത്രലോകത്ത് ശ്രദ്ധ നേടിയിരുന്നു. മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധാനത്തിന് പുറമെ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രസംയോജനം നിര്‍വഹിക്കുന്നതും മഹേഷ് നാരായണന്‍ ആണ്. നിമിഷ സജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് മാലിക്കിന്റെ നിര്‍മാണം. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, ചന്ദുനാഥ് തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു. 2021 മെയ് 13 ന് പെരുന്നാള്‍ ദിനത്തിലായിരിക്കും ചിത്രം പ്രേക്ഷകരിലേക്കെത്തുക. 

മിന്നൽ മുരളി

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ സിനിമയായ മിന്നൽ മുരളിയിൽ ടൊവിനോ തോമസാണ് നായകനായി എത്തുന്നത്. ഗോദ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ്- ടൊവിനോ തോമസ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്. വിവിധ ഭാഷകളിലെ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ ഗുരു സോമസുന്ദരവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്. സമീർ താഹിറാണ് ക്യാമറ. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് ഷാൻ റഹ്‌മാനാണ്. ടൊവിനോയ്ക്കും ഗുരു സോമസുന്ദരത്തിനും പുറമെ അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സംഘട്ടന രംഗങ്ങളാണ് ചിത്രത്തിനെ വേറിട്ട് നിർത്തുക എന്നതാണ് പ്രേക്ഷകർക്ക് പ്രതീക്ഷയേറാനുള്ള കാരണവും.

ആടുജീവിതം

ലോക്ക് ഡൗൺ കാലത്ത് ഏറ്റവുമധികം ചർച്ചയായ ചിത്രമാണ് ‘ആടുജീവിതം’. പൃഥ്വിരാജ് ഉൾപ്പെടെയുള്ള താരങ്ങളും ചിത്രത്തിന്റെ അണിയറപ്രവർത്തകരും ജോർദാനിൽ പ്രതിസന്ധിയിലാകുകയായിരുന്നു. ഷൂട്ടിംഗ് പൂർത്തിയാക്കാനോ തിരികെ മടങ്ങാനോ സാധിക്കാതെ മരുഭൂമിയിൽ കുടുങ്ങിയ ‘ആടുജീവിതം’ ടീം, ജോർദാനിൽ ഇളവുകൾ ലഭിച്ചതോടെ ഷൂട്ടിംഗ് പൂർത്തിയാകുകയായിരുന്നു. ബ്ലെസ്സി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. സിനിമയില്‍ നജീബ് എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആധാരമാക്കിയാണ് ‘ആടുജീവിതം’ എന്ന സിനിമ ഒരുക്കുന്നത്. ഒരു ജോലിക്കായി ഗല്‍ഫില്‍ എത്തുന്ന നജീബ് എന്ന ചെറുപ്പക്കാരന്‍ അനുഭവിക്കുന്ന ദുരിതങ്ങളും അതിജീവനവുമൊക്കെയാണ് കഥയുടെ പ്രമേയം.

തുറമുഖം

രാജീവ് രവി- നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘തുറമുഖം’. ‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുറമുഖം’. കൊച്ചിയിലെ തുറമുഖത്തെ തൊഴിലാളികളുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. തിയേറ്ററുകൾ സജീവമാകുന്ന സാഹചര്യത്തിൽ തുറമുഖം റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് പതിമൂന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോൻ എന്ന ചിത്രത്തിലൂടെ അമ്പരപ്പിച്ച നിവിന്റെ മറ്റൊരു മാസ്മരിക പ്രകടനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Story highlights- 7 most awaited movies