ആഘോഷങ്ങൾക്ക് തുടക്കമിട്ട് മാസ്റ്ററിന് രാജകീയ വരവേൽപ്പ്- ആവേശത്തോടെ ആരാധകർ

January 13, 2021

നീണ്ട കാത്തിരിപ്പിന്‌ ഒടുവിൽ മാസ്റ്റർ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. പൊങ്കൽ റിലീസായി മാസ്റ്റർ എത്തിയ ദിനം തന്നെയാണ് കേരളത്തിലും തിയേറ്ററുകൾ നീണ്ട ഇടവേളയ്ക്ക് ശേഷം തുറക്കുന്നത്. തമിഴ്‌നാട്ടിൽ രാജകീയ വരവാണ് ചിത്രത്തിന് ലഭിച്ചത്. പതിവ് വിജയ് ചിത്രങ്ങൾ പോലെ ആക്ഷനും മാസ്സുമെല്ലാം ചേർന്നതാണ് മാസ്റ്ററെന്നാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

തമിഴ്‌നാട്ടിൽ ജനുവരി പതിമൂന്നിന് പുലർച്ചെ നാലുമണിമുതൽ പ്രദർശനം ആരംഭിച്ചു. നൂറു ശതമാനം ആളുകളെയും തിയേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. രാത്രി തന്നെ തിയേറ്ററുകളിൽ എത്തിയ ആരാധകർ ഉറങ്ങാതെ കാത്തുനിൽക്കുകയായിരുന്നു. തമിഴ്‌നാട്ടിൽ ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റുപോയിരുന്നു. കൊവിഡ് നിയന്ത്രണമുണ്ടെങ്കിലും ആഘോഷങ്ങൾക്ക് കുറവുണ്ടായില്ല. കേക്ക് മുറിച്ചാണ് പലരും നാളുകൾക്ക് ശേഷം തിയേറ്റർ സജീവമാകുന്ന വേളയിൽ ആഘോഷിച്ചത്.

അതേസമയം, കേരളത്തിൽ ഒൻപതുമണിക്കാണ് ആദ്യ പ്രദർശനം ആരംഭിക്കുക. കർശന നിയന്ത്രണത്തോടെ അൻപതു ശതമാനം ആളുകളെ മാത്രമേ തിയേറ്ററിൽ പ്രവേശിപ്പിക്കൂ. സംസ്ഥാനത്തെ 670 സ്‌ക്രീനുകളിൽ അഞ്ഞൂറെണ്ണത്തിലാണ് ആദ്യ പ്രദർശനം.

രുവർഷം മുൻപ് ചിത്രീകരണം പൂർത്തിയാക്കിയ ‘മാസ്റ്റർ’ അണിയറപ്രവർത്തകർ തിയേറ്ററുകൾ തുറക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു. പൊങ്കൽ റിലീസായി ചിത്രത്തമെത്തുമ്പോൾ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്  പൃഥ്വിരാജ് പ്രൊഡക്ഷൻസും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ്. 

Read More: കേരളത്തിൽ തിയേറ്ററുകൾ തുറക്കുമ്പോൾ ആദ്യ റിലീസായി വിജയ്‌യുടെ ‘മാസ്റ്റർ’

ഇളയദളപതി വിജയ്ക്കൊപ്പം വിജയ് സേതുപതിയും എത്തുന്ന ചിത്രമാണ് മാസ്റ്റർ. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകൾക്കും ടീസറിനുമെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. തിയേറ്ററുകളിൽ മികച്ച വിജയം നേടിയ കൈതിക്ക് ശേഷം പുതിയ ചിത്രവുമായി സംവിധായകൻ ലോകേഷ് കനകരാജ് എത്തുമ്പോൾ വാനോളം പ്രതീക്ഷയിലാണ് ആരാധകർ.

Story highlights- master movie release updates