ആദിവാസി സമൂഹത്തിന്റെ പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളുമായി ‘കാടകലം’ ഒരുങ്ങുന്നു

February 24, 2021


കാട്ടിൽ ജനിച്ചുവളർന്ന പലർക്കും നഗരത്തിലേക്ക് എത്തുന്നത് വലിയ വീർപ്പുമുട്ടലാണ് സമ്മാനിക്കുന്നത്. വാഹനങ്ങളുടെ തിരക്കും മലിനമായ വായുവുമെല്ലാം അവരെ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്നു. അങ്ങനെ കാട്ടിൽ നിന്നും നഗരത്തിലേക്ക് വിദ്യാഭ്യാസത്തിനായി എത്തിയ കുഞ്ഞാപ്പു എന്ന ബാലന്റെ കഥപറയുന്ന ചിത്രമാണ് കാടകലം.

സിനിമയിലെ മുഖ്യ കഥാപാത്രമായി ബാലതാരം മാസ്റ്റർ ഡാവിഞ്ചിയാണ് വേഷമിടുന്നത്. ഡാവിഞ്ചിയോടൊപ്പം ഡാവിഞ്ചിയുടെ അച്ഛനും നാടകപ്രവര്‍ത്തകനും സിനിമ സീരിയല്‍ താരവുമായ സതീഷ് കുന്നത്താണ് മുരുകന്‍ എന്ന കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത്.

ആദിവാസി സമൂഹത്തിന്റെ പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളും നിഷ്കളങ്കതയും പകർത്തുന്നതോടൊപ്പം നാഗരികതയുടെ ദൂഷ്യങ്ങളും മലിനീകരണം, വനനശീകരണം തുടങ്ങിയ കാലിക പ്രസക്തമായ വിഷയങ്ങളും ചിത്രം ചർച്ച ചെയ്യുന്നു. പെരിയാർവാലി ക്രിയേഷൻസിനു വേണ്ടി ഡോ.സഖിൽ രവീന്ദ്രൻ കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് കാടകലം.

തിരക്കഥയും സംഭാഷണവും ജിന്റോ തോമസും ഡോ.സഖിൽ രവീന്ദ്രനും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.
വളരെയധികം വെല്ലുവിളികൾ അതിജീവിച്ചാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ആനയും കരടിയും മറ്റു വന്യമൃഗങ്ങളുമുള്ള ഇടുക്കി ജലാശയത്തിന് സമീപത്തെ ഉള്‍വനത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്. കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്റെയും ആദിവാസി ഊരിലെ ജനങ്ങളുടെയും പൂർണ്ണ പിന്തുണയോടുകൂടിയാണ് ഈ സിനിമ പൂർത്തിയാക്കിയത്.

Read More: 92-ാം വയസ്സിലും വീടുകള്‍ കയറിയിറങ്ങി എലിവേട്ട നടത്തുന്ന ‘എലിയപ്പൂപ്പന്‍’

ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് രജി ജോസഫാണ്. എഡിറ്റിംഗ് -അംജാത് ഹസ്സന്‍, സംഗീതം – പി എസ് ജയഹരി,
ഗാനരചന – ബി കെ ഹരിനാരായണൻ, കല -ബിജു ജോസഫ്, മേക്കപ്പ് –രാജേഷ് ജയൻ, ബിന്ദു ബിജുകുമാര്‍, പ്രൊഡക്ഷൻ കൺട്രോളർ -രാജു കുറുപ്പന്തറ, പ്രൊഡക്ഷൻ എക്സിക്യുട്ടിവ് -സുബിൻ ജോസഫ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ജിന്റോ തോമസ്, അസിസ്റ്റന്റ് ഡയറക്ടർ -സ്വാതിഷ് തുറവൂർ ,നിഖിൽ ജോർജ്.

Story highlights- kadakalam movie