ചുമതലയേറ്റിട്ട് പത്ത് വര്‍ഷം; അറിയാം യുകെ പ്രധാനമന്ത്രിയുടെ വസതിയിലെ ഔദ്യോഗിക പൂച്ച ‘ലാറി’യെക്കുറിച്ച്

February 17, 2021
Larry the Cat celebrates a decade at 10 Downing Street

തലവാചകം വായിച്ച് നെറ്റി ചുളിക്കേണ്ട, സംഗതി സത്യമാണ്. ലാറി, ആള് നിസ്സാരക്കാരനല്ല. യുകെ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഔദ്യോഗിക പൂച്ചയാണ്. ചുമതലയേറ്റിട്ട് ആകട്ടെ പത്ത് വര്‍ഷവുമായി. യുകെ പ്രധാനമന്ത്രിയുടെ ഓഫീസിലെ വെറുമൊരു പൂച്ചയല്ല ലാറി. ഉത്തരവാദിത്വവും ചുമതലയുമുള്ള ഔദ്യോഗിക പൂച്ചയാണ്. എലിയെ പിടിയ്ക്കുക എന്നതാണ് ലാറി പൂച്ചയുടെ ഉത്തരവാദിത്വം.

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെരുവു പൂച്ചകളെ സംരക്ഷിക്കുന്ന ഒരു സ്ഥാപനത്തില്‍ നിന്നുമാണ് ലാറി ലണ്ടനിലെ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പര്‍ വസതിയിലെത്തിയത്. അതും ഔദ്യോഗികമായി. എലികളെ പിടികൂടുന്നതില്‍ വിരുധനായ ലാറിയെ പ്രധാനമന്ത്രിയുടെ വസതിയില്‍ എലികളെ പിടികൂടാനായി നിയമിയ്ക്കുകയായിരുന്നു.

സാധാരണ യുകെയില്‍ ഓരോ പ്രധാനമന്ത്രിമാര്‍ സ്ഥാനമൊഴിയുമ്പോള്‍ ഒപ്പമുണ്ടായിരുന്ന താമസക്കാരും ജോലിക്കാരുമെല്ലാം ഔദ്യോഗിക വസതിയില്‍ നിന്നും മടങ്ങിപ്പോകാറുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ലാറി പൂച്ചയ്ക്ക് മാത്രം ബാധകമല്ല. അതുകൊണ്ടാണ് പത്ത് വര്‍ഷമായി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ലാറി സേവനം തുടരുന്നതും.

ഡേവിഡ് കാമറണ്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഔദ്യോഗിക വസതിയിലെത്തിയതാണ് ലാറി. പിന്നീട് തെരേസ മേയ് പ്രധാനമന്ത്രി ആയിരന്നപ്പോഴും ലാറി വസതിയില്‍ ഔദ്യോഗിക എലി പിടുത്തക്കാരനായി സേവനം ചെയ്തു. ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയായെത്തിയപ്പോഴും എലികളെ തുരത്താനുള്ള ചുമതല ലാറിയ്ക്ക് തന്നെയാണ്.

Read more: വേഷപ്പകര്‍ച്ചയില്‍ തങ്കച്ചനെ വെല്ലാന്‍ ആളില്ല; സ്റ്റാര്‍ മാജിക്കില്‍ ഡോറയുടെ പ്രയാണം: വൈറല്‍ വീഡിയോ

2007-ലാണ് ലാറിയുടെ ജനനം. വെള്ള നിറവും ചാരനിറവും ഇടകലര്‍ന്നിരിയ്ക്കുന്ന ഈ പൂച്ച കാഴ്ചയിലും നല്ലതാണ്. എലി പിടുത്തം എന്നതിനേക്കാള്‍ അധികമായി പ്രധാനമന്ത്രിയുടെ വസതിയിലെത്തുന്നവരെ സ്വീകരിയ്ക്കാനും ലാറി എത്താറുണ്ട്. പ്രധാനമന്ത്രിയുടെ വസതിയിലെത്തുന്ന എലികളെ കൃത്യമായി നിരീക്ഷിക്കുന്നതിലും അവയെ തുരത്തുന്നതിലുമെല്ലാം ലാറി മികവു തെളിയിച്ചിരിയ്ക്കുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയ്ക്ക് പുറമെ പൊതുജനങ്ങള്‍ക്ക് ശല്യമായ പല എലികളേയും ലാറി പൂച്ച തുരത്തിയിട്ടുണ്ട്.

അതേസമയം 1989- മുതലാണ് യു കെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചീഫ് മൗസര്‍ എന്ന പേരില്‍ ഒരു തസ്തിക ആരംഭിയ്ക്കുന്നത്. അക്കാലത്ത് വസതിയിലെത്തിയ വിശന്നു വലഞ്ഞുവന്ന ഒരു അനാഥപൂച്ചയ്ക്ക് അഭയം നല്‍കിക്കൊണ്ടായിരുന്നു ചീഫ് മൗസര്‍ തസ്തികയ്ക്ക് തുടക്കം കുറിച്ചത്. പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ ആണ് ഇത്തരത്തില്‍ ഔദ്യോഗിക എലിപിടുത്തക്കാരന്‍ എന്ന പേരിലൊരു തസ്തിക പൂച്ചകള്‍ക്കായി ആരംഭിച്ചത്.

Story highlights: Larry the Cat celebrates a decade at 10 Downing Street