അച്ഛന്‍ ഓടിച്ച ഓട്ടോറിക്ഷയില്‍ നിറചിരിയോടെ മന്യ വന്നിറങ്ങി: ഗംഭീരമായ ആ അനുമോദനച്ചടങ്ങിലേയ്ക്ക്: ഹൃദ്യം ഈ വീഡിയോ

Miss India Runner-Up Arrives At Felicitation In Rickshaw

മന്യ സിങ് വാര്‍ത്തകളില്‍ ഇടം പിടിച്ചത് മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിലെ റണ്ണറപ്പ് ആയതുകൊണ്ട് മാത്രമല്ല. ജീവിത വഴികളിലെ കഷ്ടപ്പാടുകളെ ചിരിച്ചുകൊണ്ട് നേരിട്ടതുകൊണ്ട് കൂടിയാണ്. അതിനുമപ്പുറം മാതാപിതാക്കളെ അങ്ങേയറ്റം സ്‌നേഹിച്ച് ചോര്‍ത്തുനിര്‍ത്തിയതുകൊണ്ടുകൂടിയാണ്.

മന്യാ സിങ്ങിന്റെ ഒരു സ്‌നേഹ വീഡിയോയാണ് സമൂഹമാധ്യമങ്ങളിലും നിറയുന്നത്. ഓട്ടോറിക്ഷ ഡ്രൈവറാണ് മന്യയുടെ അച്ഛന്‍. പഠിയ്ക്കുന്ന കോളജിലെ അനുമോദന ചടങ്ങില്‍ മാതാപിതാക്കള്‍ക്കൊപ്പം ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ മന്യയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മകളുടെ നേട്ടത്തില്‍ അഭിമാനിയ്ക്കുന്ന അച്ഛന്‍ സന്തോഷത്താല്‍ മിഴി നിറയ്ക്കുന്നതും വീഡിയോയില്‍ കാണാം.

മുബൈയിലെ താക്കൂര്‍ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് കൊമേഴ്‌സാണ് മിസ് ഇന്ത്യ റണ്ണറപ്പായ മന്യാ സിങിനുവേണ്ടി ഗംഭീരമായ അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചത്. പിതാവ് ഓം പ്രകാശ് സിങ് ഓടിച്ച ഓട്ടോറിക്ഷയിലാണ് കോളജിലേയ്ക്ക് മന്യ എത്തിയത്. അമ്മയും ഒപ്പമുണ്ടായിരുന്നു. ഒരുപാട് കഷ്ടപ്പാടുകളെ അതിജീവിച്ചുകൊണ്ടാണ് മന്യ മിസ് ഇന്ത്യ റണ്ണറപ്പ് എന്ന പദവിയിലെത്തിയത്. ജീവിതം പുലര്‍ത്താനായി പാര്‍ട്ട് ടൈം ജോലിക്ക് പോയ മന്യ നാരങ്ങാ ജ്യൂസ് ഉണ്ടാക്കിയും പാത്രങ്ങള്‍ കഴുകിയുമെല്ലാം കുടുംബത്തെ സപ്പോര്‍ട്ട് ചെയ്തതിനെക്കുറിച്ച് അമ്മ പറഞ്ഞിട്ടുണ്ട്.

നിരവധിപ്പേരാണ് മന്യയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. തന്റെ വിജയത്തില്‍ അച്ഛന്റെ കഷ്ടപ്പാടുകള്‍ക്ക് വലിയ സ്ഥാനമുണ്ടെന്ന് പറഞ്ഞ മന്യയുടെ വാക്കുകളും അനേകര്‍ക്ക് പ്രചോദനമാണ്. കഷ്ടപ്പാടുകളും വിയര്‍പ്പും കണ്ണീരുമെല്ലാം സ്വപ്‌നങ്ങളെ പിന്തുടരാന്‍ കരുത്ത് പകര്‍ന്നു എന്നാണ് വിജയത്തെക്കുറിച്ച് മന്യ പറഞ്ഞത്. എല്ലാ സമയത്തും കൈവശമുണ്ടാകുന്ന ശക്തമായ ആയുധമാണ് വിദ്യാഭ്യാസം എന്നും മന്യ കൂട്ടിച്ചേര്‍ത്തു.

Story highlights: Miss India Runner-Up Arrives At Felicitation In Rickshaw