ഇന്ത്യയിൽ ഇനി ഓക്‌സിജൻ ക്ഷാമം ഉണ്ടാവരുത്; രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി സോനു സൂദ്

വെള്ളിത്തിരയിലെ ഈ വില്ലൻ പക്ഷെ ജീവിതത്തിൽ നായകനാണ്. അഭിനയത്തിന് പുറമെ സാമൂഹ്യപ്രവർത്തനങ്ങളിലൂടെ നിരവധി ആരാധകരെ നേടിയെടുത്തു സോനു സൂദ് എന്ന ബോളിവുഡ് നടൻ. ആവശ്യക്കാരെ തേടിയെത്തി സഹായിക്കുന്ന താരത്തിന്റെ നന്മ പ്രവർത്തനങ്ങൾക്ക് ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുമായി അഭിനന്ദനങ്ങളും ലഭിക്കാറുണ്ട്. ലോക്ക്ഡൗൺ കാലത്തെ കാരുണ്യപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി യുഎന്നിന്റെ പ്രത്യേക ബഹുമതിയും താരത്തെ തേടിയെത്തിയിരുന്നു.

കൊവിഡ് മഹാമാരിക്കാലത്തും ദുരിതത്തിലായ നിരവധിപ്പേർക്ക് സഹായഹസ്തവുമായി സോനു സൂദ് എത്തി. കൊവിഡ് രണ്ടാം തരംഗം വ്യാപകമായതോടെ നിരവധി ഇടങ്ങളിൽ ഓക്‌സിജൻ ക്ഷാമം വളരെ രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിൽ ഓക്‌സിജൻ പ്ലാന്റുകൾ ആശുപത്രികളിൽ എത്തിച്ചുനൽകിയും ഏറെ ശ്രദ്ധനേടിയതാണ് സോനു സൂദ്. ബംഗളൂരുവിലെ എആര്‍എകെ ആശുപത്രിയിലാണ് സോനു സൂദും സംഘവും ഓക്‌സിജൻ പ്ലാന്റുകൾ എത്തിച്ചുനൽകിയത്. പതിനഞ്ച് ഓളം ഓക്‌സിജന്‍ സിലിണ്ടറുകളാണ് ഇവർ എത്തിച്ചുനൽകിയത്.

Read also: സഹായത്തിന് ആരുമെത്തിയില്ല; ആശുപത്രിയിലേക്ക് ഭർതൃപിതാവിനെ തോളിലേറ്റി യുവതി നടന്നത് രണ്ട് കിലോമീറ്ററോളം

ഇപ്പോഴിതാ ഇന്ത്യയിൽ ഓക്‌സിജൻ ക്ഷാമം നേരിടുന്ന വിവിധ ഇടങ്ങളിൽ ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് സോനു സൂദ്. പാവപ്പെട്ട രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളിലായിരിക്കും പ്ലാന്റുകൾ സ്ഥാപിക്കുക. ഇനി ഇന്ത്യയിൽ ആർക്കും ഓക്‌സിജൻ ക്ഷാമം ഉണ്ടാവരുത് എന്ന ലക്ഷ്യത്തോടെയാണ് പ്ലാന്റുകൾ സ്ഥാപിക്കുന്നതെന്ന് സോനു സൂദ് അറിയിച്ചു.

ആന്ധ്രാപ്രദേശിലാണ് ആദ്യഘട്ടത്തിൽ ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കുക. ആദ്യഘട്ടത്തിൽ പതിനെട്ടോളം പ്ലാന്റുകളാണ് സ്ഥാപിക്കുക. ഇതിന് ശേഷം കർണാടക, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, പഞ്ചാബ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കും.

Story highlights; Sonu Sood to set up oxygen plants in All over India