രജനികാന്തിനൊപ്പം നയൻതാരയും കീർത്തി സുരേഷും; ‘അണ്ണാത്തെ’ ഒരുങ്ങുന്നു

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള ചലച്ചിത്രതാരമാണ് രജനീകാന്ത്. താരത്തിന്റെ സിനിമ വിശേഷങ്ങൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് അണ്ണാത്തെ. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് അണ്ണാത്തെ. അതേസമയം രജനീകാന്തും ശിവയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Read also: പതിനാല് നിലകളിലായി ഒരുങ്ങിയ വനം; അത്ഭുതമായി ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ഫോറസ്റ്റ്

ചിത്രത്തിൽ രജനീകാന്തിനൊപ്പം നയൻതാര കീർത്തി സുരേഷ് എന്നിവരും അഭിനയിക്കുന്നുണ്ട്. ഇവർക്ക് പുറമെ നിരവധി താരങ്ങളും അണിനിരക്കുന്ന ചിത്രമാണ് അണ്ണാത്തെ. മീന, ഖുശ്‌ബു, പ്രകാശ് രാജ്, സതീഷ്, സൂരി‌ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് നടൻ ജാക്കി ഷ്രോഫാണ്. ത്യാഗരാജൻ കുമാരരാജയുടെ ആരണ്യ കാണ്ഡം എന്ന ചിത്രത്തിൽ അവിസ്മരണീയമായ വേഷം ചെയ്തുകൊണ്ടാണ് ജാക്കി ഷ്രോഫ് തമിഴ് സിനിമാലോകത്തേക്ക് ചുവടുവച്ചത്. അതിനുശേഷം വിജയ് നായകനായ ബിഗിലിലും വില്ലൻ വേഷത്തിൽ എത്തിയിരുന്നു.

Read also: കുതിച്ചു പായുന്ന ആയിരക്കണക്കിന് മാനുകൾ; സോഷ്യൽ ഇടങ്ങളിൽ ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയ വിഡിയോ

നേരത്തെ റാമോജി റാവു ഫിലിം സിറ്റിയിൽ ചിത്രീകരണം ആരംഭിച്ച അണ്ണാത്തെ കൊവിഡിന്റെ പാശ്ചാത്തലത്തിൽ ആദ്യം മാറ്റിവെച്ചിരുന്നു. പിന്നീട് ശക്തമായ കൊവിഡ് നിയന്ത്രണങ്ങളോടെയാണ് സിനിമ ചിത്രീകരിച്ചത്. ചിത്രത്തിനായി ലൊക്കേഷനിൽ എത്തിയ രജനീകാന്തിന്റെ വിശേഷങ്ങളും നേരത്തെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഡബ്ബിങ്ങ് നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്. സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രം ഈ വർഷം ദീപാവലി റിലീസായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. 

Story Highlights: Actor Rajinikanth with Siruthai Siva’s Annaatthe