ചിത്രീകരണം പൂർത്തിയായി, രാജമൗലിയുടെ ‘ആർആർആർ’ ഇനി പ്രേക്ഷകരിലേക്ക്

പ്രഖ്യാപനം മുതൽക്കേ പ്രേക്ഷകർ കാത്തിരിക്കുന്നതാണ് രാജമൗലി സംവിധാനത്തിൽ ഒരുങ്ങുന്ന ആർആർആർ. ബാഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആർആർആർ. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപ്പേരാണ് ആർആർആർ. രണ്ടേമുക്കാൽ വർഷത്തോളം നീണ്ടുനിന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായതായി അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ബാഹുബലി 2’ന്‍റെ വന്‍ വിജയത്തിനു ശേഷം 2018 നവംബര്‍ 19-നാണ് രാജമൗലി ‘ആര്‍ആര്‍ആറി’ന്‍റെ ചിത്രീകരണം ആരംഭിച്ചത്.

ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോൾ കോമരം ഭീം ആയി എത്തുന്നത് ജൂനിയർ എൻടിആറാണ്. 450 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരുടെയും ആദ്യ ദക്ഷിണേന്ത്യൻ ചിത്രം കൂടിയാണ് ആർആർആർ.

Read also:ആക്രി സാധനങ്ങൾ വിൽക്കുന്ന സ്ത്രീയല്ല ഇത്; അറിയാം സിസിലിയയെ

ഡിവിവി എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ഡിവിവി ധനയ്യ ആണ് ചിത്രം നിർമിക്കുന്നത്. എം എം കീരവാണി സംഗീതം നിർവഹിക്കുന്നു. ഒക്ടോബർ 13 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും എന്നാണ് നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചത്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന ചിത്രത്തിന്റെ നിലവില്‍ പ്രഖ്യാപിച്ച റിലീസ് തീയതി മാറ്റാനാണ് സാധ്യത.

Story Highlights:ss rajamouli of RRR shooting wrapped up