ഒരു ഏഷ്യൻ വിജയഗാഥ; ഏഷ്യക്കാർ തിളങ്ങിയ ഓസ്‌കാർ നിശയിൽ അവാർഡുകൾ വാരിക്കൂട്ടി ‘എവരിതിംഗ് എവെരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’

March 13, 2023
Asian triumph at oscar

ഏറെ പ്രത്യേകതകളുള്ള ഓസ്‌കാർ അവാർഡ് നിശയായിരുന്നു ഇത്തവണത്തേത്. റിലീസ് ചെയ്‌തപ്പോൾ മുതൽ സിനിമ ലോകം ചർച്ച ചെയ്‌ത ‘എവരിതിംഗ് എവെരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’ ഇത്തവണത്തെ പ്രധാനപ്പെട്ട അവാർഡുകൾ എല്ലാം നേടുകയായിരുന്നു. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതിനൊപ്പം മികച്ച സംവിധാനം, മികച്ച നടി, മികച്ച സഹനടൻ, മികച്ച സഹനടി, മികച്ച തിരക്കഥ, മികച്ച എഡിറ്റിംഗ് എന്നീ മേഖലകളിലും ചിത്രം പുരസ്‌ക്കാരങ്ങൾ ഏറ്റുവാങ്ങി. (Asian movies received huge recognition at the oscars)

ചിത്രത്തിലെ അഭിനയത്തിന് മിഷേൽ യോ മികച്ച നടിയായി തിരഞ്ഞെടുപ്പെട്ടു. ഇതോടെ ഈ വിഭാഗത്തിൽ ഓസ്‌കാർ സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ വനിതയായി മാറിയിരിക്കുകയാണ് താരം. സമാനതകളില്ലാത്ത മികച്ച പ്രകടനമാണ് മിഷേൽ യോ ചിത്രത്തിൽ കാഴ്ച്ചവെച്ചത്.

ചിത്രം എഴുതി സംവിധാനം ചെയ്‌ത ഡാനിയേൽസ് എന്നറിയപ്പെടുന്ന ഡാനിയൽ ക്വാനും ഡാനിയൽ ഷീനെർട്ടും മികച്ച സംവിധാനത്തിനും മികച്ച തിരക്കഥയ്ക്കുമുള്ള ഓസ്‌കാർ അവാർഡുകൾ നേടി.

മികച്ച സഹനടനായി കി ഹൂയി ക്വാനും മികച്ച സഹനടിയായി ജെയ്മി ലീ കേർട്ടസും തിരഞ്ഞെടുക്കപ്പെട്ടു. അതേ സമയം ചിത്രത്തിന്റെ എഡിറ്റിംഗിന് പോൾ റോജേഴ്‌സും ഓസ്‌കാർ ഏറ്റുവാങ്ങി.

ഏഷ്യക്കാരുടെ ഓസ്‌കാർ വിജയഗാഥയിൽ ഇന്ത്യൻ സിനിമയും ഭാഗമായി. രാജമൗലി ഒരുക്കിയ ‘ആർആർആർ’ എന്ന ചിത്രത്തിലെ “നാട്ടു നാട്ടു..” എന്ന ഗാനം മികച്ച ഗാനത്തിനുള്ള ഓസ്‌കാർ അവാർഡ് സ്വന്തമാക്കി. ഗാനത്തിന് സംഗീതമൊരുക്കിയ എം.എം കീരവാണി ഓസ്‌കാർ അവാർഡ് ഏറ്റുവാങ്ങി.

Read More: അവാർഡ് പ്രഖ്യാപനം കേട്ട് സന്തോഷം അടക്കാനാവാതെ രാജമൗലി; ഓസ്‌കാർ വേദിയിൽ നിന്നുള്ള കാഴ്ച്ച-വിഡിയോ

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മാറ്റത്തിന്റെ പാതയിലാണ് ഓസ്‌കാർ അവാർഡ് നിശയുടെ സംഘാടകരായ അക്കാദമി. മെക്‌സിക്കൻ സിനിമകളും, കൊറിയൻ, ജാപ്പനീസ് സിനിമകളും ഇതിന് മുൻപും അംഗീകരിക്കപ്പെടുന്നതിന് വേദി സാക്ഷിയായിട്ടുണ്ട്. ഇത്തവണ ചൈനീസ് വേരുകളുള്ള ഒരു ചിത്രം ഓസ്‌കാർ അവാർഡുകൾ വാരിക്കൂട്ടുന്ന കാഴ്ച്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. ഒപ്പം ഇന്ത്യൻ സിനിമയ്ക്കും ലഭിച്ച സമാനതകളില്ലാത്ത അംഗീകാരം വലിയ പ്രതീക്ഷയാണ് നൽകുന്നത്.

Story Highlights: Asian movies received huge recognition at the oscars