‘അഭിനയ സിദ്ധിയുടെ വേറൊരു തലം രാഘവേട്ടൻ നമ്മെ കാണിച്ചു തരുന്നുണ്ട്’- ‘പത്തൊൻപതാം നൂറ്റാണ്ടി’ൽ രാഘവനും

തിരുവിതാംകൂറിന്റെ ഇതിഹാസകഥ പങ്കുവയ്ക്കുന്ന സിനിമയാണ് പത്തൊൻപതാം നൂറ്റാണ്ട്. വിനയന്റെ സ്വപ്ന പദ്ധതിയായ പത്തൊൻപതാം നൂറ്റാണ്ട് ഒട്ടേറെ താരങ്ങളുമായാണ് ഒരുങ്ങുന്നത്. റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിലെ കാരക്ടർ പോസ്റ്ററുകൾ പങ്കുവയ്ക്കുകയാണ് സംവിധായകനായ വിനയൻ. ചിത്രത്തിലെ ഏഴാമത്തെ പോസ്റ്ററിൽ മലയാളികളുടെ എക്കാലത്തെയും പ്രിയ നടൻ രാഘവനാണ് ഉള്ളത്. ഈശ്വരൻ നമ്പൂതിരി എന്ന കഥാപാത്രമായാണ് രാഘവൻ എത്തുന്നത്.

വിനയന്റെ വാക്കുകൾ;

‘പത്തൊൻപതാം നൂറ്റാണ്ട്” എന്ന ചരിത്ര സിനിമയുടെ ഏഴാമതു കാരക്ടർ പോസ്റ്റർ ആണിത്. ആദരണീയനായ നടൻ രാഘവേട്ടൻ അഭിനയിക്കുന്ന ഈശ്വരൻ നമ്പൂതിരിയുടെ കഥാപാത്രത്തെയാണ് ഇന്ന് അവതരിപ്പിക്കുന്നത്. ഈശ്വരൻ നമ്പൂതിരി തിരുവിതാംകൂർ മഹാരാജാവിൻെറ പ്രധാന ഉപദേശക പ്രമുഖനായിരുന്നു.. അസാദ്ധ്യ പണ്ഡിതനും ആരെയും നിയന്ത്രിക്കാൻ തക്ക ആജ്ഞാശക്തിയുമുള്ള ഈശ്വരൻ നമ്പൂതിരിയെ കണ്ടാൽ ഒ. ചന്തുമേനോൻെറ പ്രസിദ്ധ നോവലായ ഇന്ദുലേഖയിലെ സൂരി നമ്പൂതിരിപ്പാടിനെ ഓർമ്മിപ്പിച്ചേക്കാം. പക്ഷേ അതിലുമൊക്കെ ഉപരി ആ കാലഘട്ടത്തിൻെറ അധികാര മേധാവിത്വം പരമാവധി ഉപയോഗിച്ചു.. പടത്തലവൻമാരെ പോലും വിരൽ തുമ്പിൽ നിർത്താൻ പോന്ന ചാണക്യനായിരുന്നു ഈശ്വരൻ നമ്പൂതിരി..വലിയ യുദ്ധ തന്ത്രങ്ങൾ മെനയാൻ പോലും ഈശ്വരൻ നമ്പൂതിരിയുടെ ബുദ്ധി കടമെടുക്കുന്ന നാട്ടിൽ ധീരനായ പോരാളിയും സാഹസികനുമായ ആറാട്ടുപുഴ വേലായുധ ചേകവർക്ക് കിട്ടിയ പ്രാധാന്യവും അംഗീകാരവും നമ്പൂതിരിയ്ക്ക് ഒട്ടും ദഹിക്കുന്നതായിരുന്നില്ല. എഴുപതുകളിലെ മലയാള സിനിമയുടെ നായകൻ രാഘവേട്ടൻ ഈശ്വരൻ നമ്പൂതിരിയെ അവതരിപ്പിക്കുന്നു എന്നതാണ് ആ കഥാപാത്രത്തിൻെറ ഏറ്റവും വലിയ പ്രത്യേകതയും പുതുമയും.. ഈ കഥാപാത്രത്തിലൂടെ തൻ്റെ അഭിനയ സിദ്ധിയുടെ വേറൊരു തലം രാഘവേട്ടൻ നമ്മെ കാണിച്ചു തരുന്നുണ്ട്. ‘പത്തൊൻപതാം നൂറ്റാണ്ട്’ പൂർത്തിയാകണമെങ്കിൽ ക്ലൈമാക്സ് ഭാഗം കൂടി ചിത്രീകരിക്കേണ്ടതായിട്ടുണ്ട്… ധാരാളം സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകൾ പങ്കെടുക്കേണ്ടതുള്ളതുകൊണ്ട് കൊവിഡിൻ്റെ കാഠിന്യം കുറഞ്ഞാലേ അതു നടക്കുകയുള്ളു. എത്രയും വേഗം ചിത്രം പൂർത്തിയാക്കി തീയറ്റർ റിലീസിലൂടെ തന്നെ പ്രേക്ഷകർക്കു മുന്നിലെത്തിക്കാൻ ശ്രമിക്കുകയാണ്.

Read More: 90+ My Tuition App ദേശീയ തലത്തിലേയ്ക്ക്; ലോഞ്ചിങ് നിര്‍വഹിച്ച് പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ ഋഷഭ് പന്ത്

പത്തൊൻപതാം നൂറ്റാണ്ടിൽ കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ് എത്തുന്നു. ചിത്രത്തിൽ ആറാട്ടുപുഴ വേലായുധ പണിക്കറായി സിജു വിൽസനാണ് എത്തുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ നങ്ങേലിയായി പൂനെ ടൈംസ് ഫ്രഷ് ഫെയ്സ് 2019 വിജയിയായ നടി കയാഡു ലോഹർ ആണ് എത്തുന്നത്. തിരുവിതാംകൂറിന്റെ ഇതിഹാസകഥ പറയാനാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’ എത്തുന്നത്. അനൂപ് മേനോൻ, ചെമ്പൻ വിനോദ്,സുധീർ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രൻസ്,രാഘവൻ, അലൻസിയർ,ശ്രീജിത് രവി,അശ്വിൻ,ജോണി ആന്റണി, ജാഫർ ഇടുക്കി,സെന്തിൽക്യഷ്ണ, മണിക്കുട്ടൻ, വിഷ്ണു വിനയ്, സ്പടികം ജോർജ്,സുനിൽ സുഗത,ചേർത്തല ജയൻ,കൃഷ്ണ,ബിജു പപ്പൻ, ബൈജു എഴുപുന്ന, ഗോകുലൻ, വികെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണൻ, സലിം ബാവ,ജയകുമാർ, നസീർ സംക്രാന്തി, കൂട്ടിക്കൽ ജയച്ചന്ദ്രൻ,പത്മകുമാർ, മുൻഷി രഞ്ജിത്, ഹരീഷ് പെൻഗൻ, ഉണ്ണി നായർ, ബിട്ടു തോമസ്,മധു പുന്നപ്ര, മീന, രേണു സുന്ദർ,ദുർഗ കൃഷ്ണ, സുരഭി സന്തോഷ്,ശരണ്യ ആനന്ദ് തുടങ്ങി ഒട്ടനവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇവർക്ക് പുറമെ പതിനഞ്ചോളം വിദേശ താരങ്ങളും ചിത്രത്തിലുണ്ട്.

Story highlights- actor rakhavan as eswaran namboothiri in pathonpatham noottandu