വേറിട്ട ലുക്കിൽ രജനികാന്ത്; ശ്രദ്ധേയമായി അണ്ണാത്തെ മോഷൻ പോസ്റ്റർ

രജനികാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്ത അണ്ണാത്തെ വൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രമാണ്. നവംബർ നാലിന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ശ്രദ്ധേയമാകുകയാണ്. ബൈക്കിൽ പുത്തൻ ലുക്കിലാണ് മോഷൻ പോസ്റ്ററിൽ രജനികാന്ത് ഉള്ളത്.

സൺ പിക്ചേഴ്‌സ് നിർമ്മിക്കുന്ന അണ്ണാത്തെയിൽ നിരവധി ജനപ്രിയ താരങ്ങളുമുണ്ട്. കീർത്തി സുരേഷ്, നയൻതാര, മീന, ഖുശ്‌ബു, പ്രകാശ് രാജ്, സതീഷ്, സൂരി, ജോർജ് മരിയൻ തുടങ്ങി നിരവധി അഭിനേതാക്കൾ ഈ ചിത്രത്തിലുണ്ട്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി എന്റർടൈനർ ആണ് ചിത്രം. ദീപാവലി റിലീസായാണ് ചിത്രം എത്തുന്നത്.

ചിത്രം പൊങ്കൽ റിലീസായി ആദ്യം തീരുമാനിച്ചിരുന്നെങ്കിലും ചിത്രീകരണത്തിനിടെ അണിയറപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചത് വെല്ലുവിളിയായി.റാമോജി റാവു ഫിലിം സിറ്റിയിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് നടൻ ജാക്കി ഷ്രോഫാണ്.

Story highlights- annathe movie motion poster