ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കുട നിവര്‍ത്തുന്നവരുടെ ശ്രദ്ധയ്ക്ക്….!

September 30, 2021
For the attention of those who carry an umbrella when traveling on a two-wheeler

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥ്‌നത്ത് പലയിടത്തും ഇടവിട്ട് മഴ ലഭിയ്ക്കുന്നുണ്ട്. പലപ്പോഴും മഴ പെയ്യുമ്പോള്‍ ഇരു ചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ കുട നിവര്‍ത്തുന്ന പ്രവണതയും കണ്ടുവരുന്നു. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ പിന്നിലിരിക്കുന്ന ആള്‍ കുട നിവര്‍ത്തുന്നതായാണ് കണ്ടുവരാറ്. ഇത് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് അറിവുണ്ടെങ്കിലും പലരും മഴ പെയ്യുമ്പോള്‍ ഈ ശീലം വീണ്ടും പിന്‍തുടരുന്നു. എന്നാല്‍ മരണത്തിന് പോലും കാരണമായേക്കാം ഈ ശീലം.

സംസ്ഥാന മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റും ഇതേക്കുറിച്ച് കൃത്യമായ ബോധവല്‍ക്കരണം പൊതുജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. യാത്രയ്ക്കിടെ കുട നിവര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന പാരച്യൂട്ട് ഇഫ്ക്ട് അങ്ങേയറ്റം അപകടകരമാണെന്നും കേരള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓര്‍മപ്പെടുത്തുന്നു. ‘മരണത്തിലേക്ക് വലിക്കുന്ന മറക്കുടകള്‍’ എന്ന തലക്കെട്ടോടെ ബോധവല്‍ക്കരണ കുറിപ്പ് സമൂഹമാധ്യങ്ങളിലും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് പങ്കുവെച്ചിട്ടുണ്ട്.

കുറിപ്പ് ഇങ്ങനെ

ഇരുചക്ര വാഹനം ഓടിക്കുന്നവരോ പുറകില്‍ ഇരുന്ന് യാത്ര ചെയ്യുന്നവരോ കുട തുറന്ന് പിടിച്ച് യാത്ര ചെയ്യുന്നത് അത്യന്തം അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. അടുത്തിടെ ഇങ്ങിനെ അപകടത്തില്‍ പെടുന്നത് വര്‍ദ്ധിച്ചിരിക്കുന്നു. കുട പിടിച്ച് നടന്നു പോകുമ്പോള്‍ പോലും കാറ്റടിച്ചാല്‍ നമ്മുടെ നിയന്ത്രണത്തിന്റെ അപ്പുറത്തേക്ക് പോകുന്നത് നമുക്ക് അനുഭവമുളളതാണ്. കുട ഉണ്ടാക്കുന്ന പാരച്യൂട്ട് ഇഫക്ട് പ്രവചനാതീതമാണ്.

വാഹനം സഞ്ചരിക്കുന്ന സമയം ഇത് അത്യന്തം അപകടകരമായ അവസ്ഥാ വിശേഷമാണ് ഉണ്ടാക്കുക. വാഹനം സഞ്ചരിക്കുന്നതിന്റെ എതിര്‍ ദിശയിലാണ് കാറ്റടിക്കുന്നതെങ്കില്‍ വാഹനത്തിന്റെ വേഗതയും കാറ്റിന്റെ വേഗതയും കൂട്ടുമ്പോള്‍ ആകെ കിട്ടുന്ന വേഗതയിലായിരിക്കും അത് അനുഭവപ്പെടുന്നത്. ഉദാഹരണത്തിന് വാഹനത്തിന്റെ വേഗത മണിക്കൂറില്‍ 40 കി.മീറ്ററും കാറ്റിന്റേത് 30 കി.മീറ്ററും ആണെന്നിരിക്കട്ടെ എങ്കില്‍ അത് കുടയില്‍ ചെലുത്തുന്നത് മണിക്കൂറില്‍ 70 കി.മീ വേഗതയിലായിരിക്കും. കുടയുടെ വലുപ്പം കൂടുന്നതിനനുസരിച്ച് ഇത് സൃഷ്ടിക്കുന്ന മര്‍ദ്ദവും (Drag effect) കൂടും. ഒരു മനുഷ്യനെ പറത്തിക്കൊണ്ട് പോകാന്‍ അത് ധാരാളം മതിയാകും.

വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാനും ഇത് ഇടയാക്കും. മാത്രമല്ല ഓടിക്കുന്ന ആള്‍ തന്നെയാണ് കുട പിടിക്കുന്നതെങ്കില്‍ അത് മൂലമുണ്ടാകുന്ന മറ്റ് ബുദ്ധിമുട്ടുകളും ഈ നിയന്ത്രണ നഷ്ടം ഇരട്ടിക്കുന്നതിനിടയാക്കും. സുരക്ഷിതമാകട്ടെ നമ്മുടെ യാത്രകള്‍ ..

Story highlights: For the attention of those who carry an umbrella when traveling on a two-wheeler