വീണ്ടും ക്രിക്കറ്റ് പൂരം; ഐപിഎല്‍ 14-ാം സീസണ്‍ ഇന്ന് പുനഃരാരംഭിക്കുന്നു

കൊവിഡ് 19 എന്ന മഹാമാരി സിനിമാ, കായികം ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ സൃഷ്ടിച്ച പ്രതിസന്ധി ചെറുതല്ല. മഹാമാരി മൂലം പാതിവഴിയില്‍ നിന്നുപോയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വീണ്ടും പുനഃരാരംഭിക്കുന്നു. ഇന്ന് നടക്കുന്ന രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. യുഎഇ ആണ് രണ്ടാം ഘട്ട മത്സരങ്ങളുടെ വേദി.

ഏപ്രിലിലാണ് പതിനാലാം ഐപിഎല്‍ ആരംഭിച്ചത്. എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മത്സരം താത്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. പിന്നീടാണ് മത്സര വേദിയും യുഎഇ-ലേക്ക് മാറ്റിയത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം, ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം, അബുദാബി ഷെയ്ഖ് സയ്ദ് സ്റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍.

അതേസമയം പ്രാഥമിക ഘട്ടത്തിലെ പകുതിയിലേറെ മത്സരങ്ങള്‍ പിന്നിട്ടിരുന്നു. പോയിന്റുകളുടെ അടിസ്ഥാനത്തില്‍ നിലവില്‍ 12 പോയിന്റുകളുമായി ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് ഒന്നാമത്, 10 പോയിന്റുകളുമായി ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രണ്ടാം സ്ഥാനത്തുണ്ട്. എട്ട് പോയിന്റുകളാണ് മുംബൈ ഇന്ത്യന്‍സിന്.

Story highlights: IPL 2021 to restart with CSK vs MI in Dubai