ഈ ടെറസ്സ് നിറയെ ചെടികളും ഫലവൃക്ഷങ്ങളും; ഹരിതാഭയെ സ്‌നേഹിക്കുന്ന രശ്മി

Rashmi's Mini Forest on a Rooftop

സമൂഹത്തില്‍ വേറിട്ട മാതൃകയാകുന്നവര്‍ ഏറെയാണ്. ഇവര്‍ സ്വന്തം ജീവിതംകൊണ്ട് അനേകര്‍ക്ക് പ്രചോദനമാകാറുമുണ്ട്. രശ്മി ശുക്ല എന്ന പെണ്‍കരുത്തും അനേകര്‍ക്ക് പ്രചോദനവും കരുത്തും ആകുകയാണ്. പച്ചപ്പിനേയും ഹരിതാഭയേയും ഏറെ സ്‌നേഹിക്കുന്ന രശ്മി തന്റെ പാര്‍പ്പിടത്തിന്റെ മുകളില്‍ മനോഹരമായ ഒരു പൂങ്കാവനം തന്നെ സൃഷ്ടിച്ചിരിക്കുന്നു. പലരും അസാധ്യമാണെന്ന് കരുതുന്ന കാര്യങ്ങള്‍ ആത്മവിശ്വാസത്തിലൂടെയും സ്വന്തം പ്രയത്‌നത്തിലൂടേയും സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഈ മിടുക്കി.

ദ്വാരക സ്വദേശിനിയാണ് രശ്മി ശുക്ല. താമസം ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍. വീടിനോട് ചേര്‍ന്ന് പറമ്പോ മറ്റ് സ്ഥലങ്ങളോ അധികമില്ല. അതുകൊണ്ടുതന്നെയാണ് ടെറസ്സില്‍ മനോഹരമായ ഒരു പൂന്തോട്ടം സൃഷ്ടിക്കാന്‍ രശ്മി തീരുമാനിച്ചത്. ഒന്നും രണ്ടും ചെടിച്ചട്ടികള്‍ അല്ല മറിച്ച് നിരവധിയുണ്ട് രശ്മിയുടെ വീടിന്റെ ടെറസ്സിലെ ചെ
ടികള്‍. ഏകദേശം എഴുനൂറില്‍ അധികം ഇനത്തില്‍പ്പെട്ട ചെടികള്‍ ഉണ്ട് ടെറസ്സിന് മുകളില്‍.

Read more: പത്രത്താളുകളും തെങ്ങോലകളും ഉപയോഗിച്ച് തയാറാക്കിയ വസ്ത്രങ്ങള്‍; ഫാഷന്‍ലോകത്ത് താരമായി കൊച്ചുമിടുക്കി

ചെടികള്‍ മാത്രമല്ല ഫലവൃക്ഷങ്ങളും രശ്മിയുടെ ടെറസ്സിന് മുകളിലുണ്ട്. ചിലതില്‍ പക്ഷികള്‍ വന്ന് കൂടൊരുക്കിയിരിക്കുന്നു. പൂത്ത് നില്‍ക്കുന്ന ചെടികളും കായ്ച്ചുനില്‍ക്കുന്ന ഫലവൃക്ഷങ്ങളുമെല്ലാം കണ്ണിനും മനസ്സിനും ഒരുപോലെ വസന്തമൊരുക്കുകയാണ് ഈ വീട്ടില്‍. വീടിന്റെ ടെറസ്സിന് മുകളില്‍ പൂന്തോട്ടം ഒരുക്കിയ രശ്മിയെ അഭിനന്ദിക്കുന്നവരും ആ രീതികള്‍ മാതൃകയാക്കിയവരും ഏറെയാണ്. നഗരത്തിലുള്ള പലരും ശുദ്ധവായുവിനും മറ്റുമായി പാര്‍ക്കുകളിലേയ്ക്ക് പോകുമ്പോള്‍ രശ്മി പോകുന്നത് തന്റെ ടെറസ്സിലേയ്ക്കാണ്. ഏറ്റവും സുന്ദരമായ ഒരു അന്തരീക്ഷം തന്നെയാണ് എല്ലാ അര്‍ത്ഥത്തിലും ആ ടെറസ്സ്.

താമസിക്കുന്നത് നഗരപ്രദേശത്താണെങ്കിലും വീടിന് മുകളില്‍ പച്ചപ്പ് വിരിയിച്ച് സുന്ദരമായ ഗ്രാമാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ് രശ്മി. പതിനഞ്ച് വര്‍ഷങ്ങളായി രശ്മി ദ്വാരകയില്‍ താമസം തുടങ്ങിയിട്ട്. പുതിയ വീട്ടില്‍ താമസം തുടങ്ങിയ ആദ്യ നാളുകളില്‍ ടെറസ് ഗാര്‍ഡനെക്കുറിച്ചൊന്നും ആലോചിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് പ്രകൃതിയോടുള്ള സ്‌നേഹം ഹൃദയത്തില്‍ ചേക്കേറി. ആ സ്‌നേഹത്തില്‍ നിന്നുമാണ് പൂക്കളും ചെടികളും ഫലവൃക്ഷങ്ങളും പക്ഷികളുമെല്ലാം അടങ്ങുന്ന ഒരു പാങ്കാവനം രശ്മിയുടെ ടെറസ്സിന് മുകളില്‍ രൂപപ്പെട്ടത്.

Story highlights: Rashmi’s Mini Forest on a Rooftop