ജയസൂര്യ നായകനായെത്തിയ ‘സണ്ണി’ ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേയ്ക്ക്

Sunny will be screened in competition under the Asian films section Dhaka international Film festival

അഭിനയമികവുകൊണ്ട് ചലച്ചിത്രലോകത്ത് ശ്രദ്ധേയനായ താരമാണ് ജയസൂര്യ. അവതരിപ്പിക്കുന്ന ഓരോ കഥപാത്രങ്ങളേയും താരം പരിപൂര്‍ണതയിലെത്തിക്കുന്നു. നിരവധിയാണ് ജയസൂര്യ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ള കഥാപാത്രങ്ങളും. താരം കേന്ദ്ര കഥാപാത്രമായി ഏറ്റവും ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം സണ്ണി ആണ്. ധാക്കാ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേയ്ക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടു.

ഈ സന്തോഷം ജയസൂര്യ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഏഷ്യന്‍ സിനിമാ വിഭാഗത്തിലായിരിക്കും സണ്ണി മത്സരിക്കുക. സ്‌പെയിനില്‍ നടക്കുന്ന ഒരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേയ്ക്കും സണ്ണി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ചിത്രത്തിനായി പ്രവര്‍ത്തിച്ച എല്ലാവരേയും അഭിനന്ദിച്ചുകൊണ്ടാണ് ധാക്കാ ചലച്ചിത്രമേളയില്‍ സണ്ണി ഇടം നേടിയ വിശേഷം ജയസൂര്യ പങ്കുവെച്ചത്.

Read more: ഗംഭീരമായ നൃത്ത പ്രകടനവുമായി ജയസൂര്യയുടെ മകള്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ

കൊവിഡ് പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ തുറക്കാത്ത സാഹചര്യമായതിനാല്‍ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. സണ്ണി എന്ന ടൈറ്റില്‍ കഥാപാത്രത്തെ ജയസൂര്യ ഗംഭീരമാക്കി. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രം നേടുന്നതും.

രഞ്ജിത് ശങ്കര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സ്‌ക്രീനില്‍ പ്രധാനമായും പ്രത്യക്ഷപ്പെടുന്ന ഏക കഥാപാത്രവും ജയസൂര്യയുടേതാണ്. ഇതുതന്നെയാണ് സണ്ണി എന്ന ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും. ഹോട്ടല്‍ മുറിയില്‍ ക്വാറന്റീനില്‍ കഴിയേണ്ടി വരുന്ന ഒരു വ്യക്തിയുടെ ചില വികാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ചില അപ്രതീക്ഷിത സംഭവങ്ങളും ചിത്രത്തില്‍ പ്രതിഫലിക്കുന്നു. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Sunny will be screened in competition under the Asian films section Dhaka international Film festival