അഭിനയ മികവില്‍ ജയസൂര്യ; ശ്രദ്ധ നേടി ‘സണ്ണി’യിലെ വിഡിയോ ഗാനം

October 7, 2021
Idam Vare Video Song Jayasurya  Sunny Movie

ചില പാട്ടുകള്‍ അങ്ങനെയാണ്…, വളരെ വേഗത്തില്‍ ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കും. കാലാന്തരങ്ങള്‍ക്കും അപ്പുറം നിത്യ ശോഭയോടെ പ്രകാശിക്കാന്‍ കെല്‍പുമുണ്ടാകും അത്തരം ഗാനങ്ങള്‍ക്ക്. ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് സണ്ണി എന്ന ചിത്രത്തിലെ ഗാനവും.

ചിത്രത്തിലെ ‘ഇടം വരെ…’ എന്നു തുടങ്ങുന്ന വിഡിയോ ഗാനമാണ് ശ്രദ്ധ ആകര്‍ഷിക്കുന്നത്. ശങ്കര്‍ ശര്‍മയാണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നതും ഗാനം ആലപിച്ചിരിക്കുന്നതും. സാന്ദ്ര മാധവിന്റേതാണ് ഗാനത്തിലെ വരികള്‍. ജയസൂര്യ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് സണ്ണി. താരത്തിന്റെ അഭിനയമികവുതന്നെയാണ് ഗാനരംഗത്തെ പ്രധാന ആകര്‍ഷണവും.

Read more: കീബോർഡ് തലതിരിച്ച്, കണ്ണുകെട്ടി വായിച്ച് ഒപ്പം പാട്ടും പാടി ഒരു മിടുക്കി- കൈയടി നേടിയ പ്രകടനം

ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. സണ്ണി എന്ന ടൈറ്റില്‍ കഥാപാത്രത്തെ ജയസൂര്യ ഗംഭീരമാക്കി. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രം നേടുന്നതും. രഞ്ജിത് ശങ്കര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സ്‌ക്രീനില്‍ പ്രധാനമായും പ്രത്യക്ഷപ്പെടുന്ന ഏക കഥാപാത്രവും ജയസൂര്യയുടേതാണ്. ഇതുതന്നെയാണ് സണ്ണി എന്ന ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും.

ഹോട്ടല്‍ മുറിയില്‍ ക്വാറന്റീനില്‍ കഴിയേണ്ടി വരുന്ന ഒരു വ്യക്തിയുടെ ചില വികാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില അപ്രതീക്ഷിത സംഭവങ്ങളും ചിത്രത്തില്‍ പ്രതിഫലിക്കുന്നു. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Idam Vare Video Song Jayasurya  Sunny Movie