‘മഹാമാരിയില്‍ നിന്നും മാലോകരെ രക്ഷിക്കാനായി മഹാനടന്‍ സ്വയം മറന്നു പാടിയ ഗാനം’; നെടുമുടി വേണുവിന്റെ ഓര്‍മകള്‍ പങ്കുവെച്ച് കേരളാ പൊലീസും

കഥാപാത്രങ്ങളുടെ ഓര്‍മകള്‍ മാത്രം അവശേഷിപ്പിച്ച് കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞു പ്രിയതാരം നെടുമുടി വേണു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെയാണ് അദ്ദേഹത്തെ മരണം കവര്‍ന്നത്. സമൂഹമാധ്യമങ്ങളിലടക്കം നിറയുകയാണ് നെടുമുടി വേണുവിന്റെ മരിക്കാത്ത ഓര്‍മകള്‍.

കേരളാ പൊലീസും അതുല്യ കലാകാരന്റെ ഓര്‍മകള്‍ പങ്കുവെച്ചു. കൊവിഡ് മഹാമാരിക്കാലത്ത് കേരളാ പൊലീസിന്റെ നേതൃത്വത്തില്‍ പുറത്തിറങ്ങിയ ബോധവല്‍ക്കരണ ഗാനത്തിന് പിന്നില്‍ നെടുമുടി വേണുവായിരുന്നു. അദ്ദേഹത്തേടൊപ്പമുള്ള ഓര്‍മകളാണ് കേരളാ പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്.

കുറിപ്പ് ഇങ്ങനെ

കൊവിഡ് മഹാമാരി പാരമ്യത്തില്‍ നിന്നിരുന്ന 2020 ഏപ്രിലില്‍ ആണ് ഒരു ബോധവത്കരണ ഗാനം തയ്യാറാക്കുന്നതിനായി ഞങ്ങള്‍ ശ്രീ. നെടുമുടി വേണുവിനെ ബന്ധപ്പെടുന്നത്. കേരള പോലീസിന് വേണ്ടിയല്ലേ, ജനങ്ങള്‍ക്ക് ഉപകാരമാകുന്ന കാര്യമല്ലേയെന്നു ചോദിച്ചു വളരെ സന്തോഷത്തോടെ അദ്ദേഹം അതിനു അനുമതിയും തന്നു. ഷൂട്ട് ദിവസം രാവിലെ 10 മണി കഴിഞ്ഞപ്പോള്‍ തന്നെ വട്ടിയൂര്‍ക്കാവിലെ ‘തമ്പി’ല്‍ ഞങ്ങളെയും കാത്ത് അദ്ദേഹം നില്‍പ്പുണ്ടായിരുന്നു.

കൊവിഡ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി അദ്ദേഹം എഴുതി ചിട്ടപ്പെടുത്തിയ വരികള്‍ക്ക് ‘ഇടയ്ക്ക അകമ്പടിയായി നമുക്ക് ഷൂട്ട് നോക്കിയാലോ’ എന്ന നിര്‍ദേശവും അദ്ദേഹം തന്നെ മുന്നോട്ട് വെച്ചു. ക്യാമറ മൂവ്‌മെന്റ് ഉള്‍പ്പെടെ മറ്റെല്ലാ നിര്‍ദ്ദേശങ്ങളും നല്‍കിയത് ആടാന്‍ ഇനി വേഷങ്ങളൊന്നും ബാക്കി വയ്ക്കാത്ത മഹാനടനാണ്.

തമ്പിലെ പൂമുഖത്തു പടര്‍ന്നു പന്തലിച്ചു കിടക്കുന്ന പച്ചപരവതാനിക്ക് കീഴെ നിന്ന് മഹാമാരിയില്‍ നിന്നും മാലോകരെ രക്ഷിക്കാനായി മഹാനടന്‍ സ്വയം മറന്നു പാടിയ ആ ഗാനം ഒടുവില്‍ ലോകം മുഴുവനുമുള്ള മലയാളികള്‍ നെഞ്ചോട് ചേര്‍ക്കുകയായിരുന്നു. മഹാനടന്‍ എന്നതിലുപരി അതുല്യനായ ഒരു കലാ പ്രതിഭയെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. ആ മഹത് വ്യക്തിത്വത്തിന്റെ ഓര്‍മ്മക്ക് മുന്നില്‍ ഞങ്ങള്‍ ഈ വീഡിയോ വീണ്ടും സമര്‍പ്പിക്കുന്നു

Stoy highlights: Kerala Police about Nedumudi Venu