“മരിച്ചെന്നറിഞ്ഞപ്പോൾ പോയില്ല, ഓർമ്മയിലെന്നും ആ താടിക്കാരൻ മതി..”; നെടുമുടി വേണുവിന്റെ ഓർമ്മകളിൽ മനസ്സ് തൊടുന്ന കുറിപ്പുമായി മുരളി ഗോപി

October 11, 2022

മലയാളികളുടെ പ്രിയ നടനായിരുന്നു നെടുമുടി വേണു. വ്യത്യസ്‌തമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാളികളെ വിസ്‌മയിപ്പിച്ച താരം കഴിഞ്ഞ ഒക്ടോബർ 11 നാണ് അന്തരിച്ചത്. വലിയ വേദനയോടെയാണ് മലയാള സിനിമ ലോകവും സാംസ്ക്കാരിക ലോകവും അദ്ദേഹത്തെ യാത്രയാക്കിയത്. ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് ഒരു വയസ്സ് തികയുകയാണ്.

മലയാളത്തിന്റെ പ്രമുഖ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും അടക്കം നിരവധി ആളുകളാണ് അദ്ദേഹത്തെ അനുസ്‌മരിച്ച് സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെച്ചത്. ഇപ്പോൾ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി നെടുമുടി വേണുവിന്റെ ഓർമ്മകളിൽ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ഏറെ ഹൃദ്യമായ ഒരു കുറിപ്പാണ് നടനെ പറ്റി അദ്ദേഹം എഴുതിയത്.

മുരളി ഗോപിയുടെ കുറിപ്പ്

ഓർമ്മയുടെ നടനവിന്ന്യാസം

അത്ര പഴയതല്ലാത്ത ഒരു കാലം. എന്നാലും… ശബ്ദങ്ങൾക്ക്, അന്നൊക്കെ, വ്യക്തമായ സ്വഭാവവും വ്യക്തിത്വവും കരുത്തുമുണ്ടായിരുന്ന പോലെ. മരംകൊത്തിക്കും കുയിലിനും ചിത്തിരക്കിളികൾക്കുമെല്ലാം തമ്മിൽ പറയാനും നമ്മോടു പറയാനും ഏറെയുണ്ടായിരുന്ന പോലെ.

വൈകുന്നേരങ്ങളിൽ, ഒറ്റയ്ക്കുള്ള കളികളിൽ, മരങ്ങളായിരുന്നു എന്റെ കൂട്ടുകാർ. മടലുകളിൽ നിന്ന് വാളും മുറങ്ങളിൽ നിന്ന് പരിചയും കണ്ടെത്തിയ ഞാൻ, മാവെന്ന മഹാറാണിയുടെ സാമ്രാജ്യത്തിനെതിരെ യുദ്ധം നടത്തും. പേര സൈന്യാധിപനുമായി ഒറ്റക്കൊറ്റയ്ക്ക് അംഗം വെട്ടും. പച്ച പേരക്കയും പഴുക്കാത്ത മാങ്ങയും വെട്ടിവീഴ്ത്തി വീരശൃംഖലയായ വേപ്പിൻകൊമ്പ് ഒടിച്ച്, വിയർത്തൊലിച്ച് ശ്വാസം കിട്ടാതെ നിൽക്കുമ്പോഴാണ് ഉയരെ, വീട്ടിലെ സ്വീകരണമുറിയിൽ നിന്ന് ഒരു മൃദംഗ വായ്ത്താരി കേട്ടത്. ഒച്ചത്തിലായിരുന്നു. പറവകളെല്ലാം ഒന്ന് അമ്പരന്നു.

ചെന്ന് നോക്കുമ്പോൾ, അച്ഛൻ, ഒരു കയ്യിൽ സിഗരറ്റും മറുകയ്യാൽ താളവും പിടിച്ച് സെറ്റിയിൽ ഇരിക്കുന്നു. എതിരെയിട്ട കസേരയിൽ ഒരു കാൽ തൊടീച്ച്, ഇടത് കൈ അരയിലൂന്നി, വലത് കയ്യിൽ അദൃശ്യമായ ഒരു ദീപശിഖയുമേന്തി ഒരു മെലിഞ്ഞ താടിക്കാരൻ നിൽക്കുന്നു. “ധ തകിട ധ തകിട ധ തകിട തക ധ…”തിരിച്ച് കസേരയിൽ അമർന്നു കൊണ്ട്, “ഇങ്ങനെ ആയാലോ, ഗോപിണ്ണാ..?” എന്നൊരു ചോദ്യം. “ആവാല്ലോ..” എന്ന് ഉത്തരം പറഞ്ഞ്, ഒന്ന് നീട്ടി പുകവലിച്ച്‌ കുറ്റികുത്തിയ ശേഷം അച്ഛൻ ആ താളം ചൊല്ലികൊണ്ട് കസേരപ്പടിയിൽ വിരലാൽ അത് വായിച്ചു.

ഇത് കണ്ടുകൊണ്ടും കേട്ടുകൊണ്ടും കയറി ചെന്ന എന്നെ അച്ഛൻ ആ താടിക്കാരന് പരിചയപ്പെടുത്തി: “മോനാ…” “ആഹാ..! എന്താ പരിപാടി? നല്ല ദേഹാധ്വാനം നടത്തിയ പോലുണ്ടല്ലോ..”അച്ഛൻ ചിരിക്കാതെ: “യുദ്ധം ആയിരുന്നു, അല്ലേടാ..?”ഞാൻ ഗൗരവത്തോടെ “ഉം” എന്ന പറഞ്ഞു. താടിക്കാരൻ ഗൗരവത്തോടെ ആരാഞ്ഞു: “ആരാ ജയിച്ചത്..?” ഞാൻ ഒന്നും പറയാതെ അകത്തേക്ക് ഓടിപ്പോയി. എന്റെ ചോദ്യങ്ങൾ പലതായിരുന്നു. അത് എന്റെ യുദ്ധമായിരുന്നു എന്ന് അച്ഛന് എങ്ങനെ മനസ്സിലായി? മനസ്സിലായെങ്കിൽ തന്നെ, എന്തേ, മറ്റു “മുതിർന്നവരെ” പോലെ പരിഹാസത്തിൽ മൂക്കാതെ, ഇവർ ഇരുവരും യുദ്ധ വിവരങ്ങൾ ഗൗരവത്തോടെ ആരാഞ്ഞു?

ഉത്തരം ഒന്നേ ഉണ്ടായിരുന്നുള്ളൂ; അത് ഞാൻ പിന്നീടാണ് കണ്ടെത്തിയതും: യഥാർത്ഥ നടന്മാർ അവർക്കായി അരങ്ങേറ്റാത്ത നാടകങ്ങളും കാണും. വേദിക്കപ്പുറവും നാടകവും നടന്മാരും ഉണ്ടെന്ന് തിരിച്ചറിയും. മടലിനെ ഖഡ്ഗമായും മുറത്തെ പരിചയായും മാവിനെ മഹാറാണിയും പേരയെ സർവ്വസൈന്യാധിപനുമായും കണ്ട ഒരു പാവം കുഞ്ഞിനെ ഒപ്പമുള്ള ഒരുവനായി കാണുകയും കൂട്ടുകയും ചെയ്യും!

അന്ന് ഞാൻ അച്ഛനോടൊപ്പം കണ്ട ആ മെലിഞ്ഞ താടിക്കാരൻ “നെടുമുടി വേണു”വായിരുന്നു.
പിന്നീട്, പല തവണ ഞാൻ അദ്ദേഹത്തെ കണ്ടു. നടനായി, കഥാപാത്രമായി, അച്ഛന്റെ സുഹൃത്തായി.., പ്രാസംഗികനായി, ശ്രോതാവായി, മധ്യവയസ്കനായി, വയസ്സനായി…അങ്ങനെ പല പല വേഷങ്ങളിൽ. പല പല വേദികളിൽ. (അഭ്രത്തിൽ.)

ഉറുമ്പുകളുടെ പരിചയംപുതുക്കൽ പോലുള്ള സാംഗത്യവശാലുള്ള കൂടികാഴ്ചകളായിരുന്നു പലതും. അപ്പോഴെല്ലാം, അദ്ദേഹം ഒരു സുഹൃത്തിനോടെന്ന പോലെ തോളിൽ പിടിച്ചു നിന്ന് സംസാരിക്കും. “ആ സുമുഖനായ താടിക്കാരൻ വയസ്സാകാതിരുന്നിരുന്നെങ്കിൽ..” എന്ന മൂഢമായ് ചിന്തിച്ചുകൊണ്ട് ഞാനും ആ കരസ്പർശമേറ്റ് പുഞ്ചിരിച്ച് നിൽക്കും.

സംഗീതമാണ് ഒരു മഹാനടന്റെ അംഗവസ്ത്രമെങ്കിൽ താളമാണ് അവന്റെ ഉടവാൾ എന്ന് ഞാൻ വിശ്വസിക്കുന്നു. ഇതൊരു സത്യമാണെന്ന് തെളിയിക്കുന്ന ഉണ്മയുള്ള നടനായിരുന്നു വേണു അങ്കിൾ എന്ന് ഞാൻ പറയാതെ തന്നെ ഏവർക്കും അറിയാം. എന്നിരുന്നാലും, സംഗീതവും താളവും എങ്ങനെ പ്രകൃതിയിൽ നിന്ന് നേരിട്ട് ഒഴുകി ഒരു നടന്റെ സ്വത്വത്തിൽ വിലയിക്കുന്നു എന്ന് ശൈശവദിശയിൽ തന്നെ കണ്ണാൽ കാണാൻ ഭാഗ്യം സിദ്ധിച്ച ഒരാളായി ഞാൻ എന്നെ കരുതുന്നു. അതിനു കാരണഭൂതർ മേൽപ്പറഞ്ഞ രണ്ടാളുമാണ്. അച്ഛനും വേണു അങ്കിളും.

അരങ്ങും നാടകവും നടനവും നടനും എല്ലാം ഒന്നാകുമ്പോഴാണ് ഉലകവേദി ഉണരുന്നത്. അവിടെ ചിത്തിരക്കിളികളും കുയിലും മരംകൊത്തിയും യുദ്ധമാടുന്ന കുഞ്ഞുമെല്ലാം ഒരു മൃദംഗ വായ്ത്താരിയുടെ തുടിപ്പിൽ ലയിച്ചൊന്നാവുന്നു. ആ തനത് നാടകവേദിയിൽ താരങ്ങളില്ല. ആത്മാർപ്പണം ചെയ്ത അഭിനേതാക്കൾ മാത്രം. അവർ പിന്നെ എതിർപാക്കുന്നത് ആ സപര്യക്ക് അന്ത്യം കുറിക്കുന്ന മോക്ഷ മുഹൂർത്തത്തെ മാത്രം.

വേണു അങ്കിൾ മരിച്ചുവെന്നറിഞ്ഞപ്പോൾ ഞാൻ അവിടെ പോയില്ല. ഒരു വലിയ നടന്റെ മൃതദേഹം കാണുക എന്നത് തികഞ്ഞ വിഷമം ഉണ്ടാക്കും. ചലനമായിരിക്കണം എനിക്ക് ഇഷ്ടനടന്മാർ അവശേഷിപ്പിച്ചു പോകുന്ന ഓർമ്മ. അതൊരു ശാഠ്യമാണ്.

Read More: ‘അമിതാഭ് ബച്ചൻ, രാജ്യം മുഴുവൻ വികാരങ്ങളുടെ ഗാംഭീര്യം ഉണർത്തുന്ന പേര്’- പിറന്നാൾ ആശംസിച്ച് മോഹൻലാൽ

ഓർമ്മയിലെന്നും ആ താടിക്കാരൻ മതി. കേൾവിയിലെന്നും ആ മൃദംഗ വായ്ത്താരിയും. മനസ്സിന്റെ അഭൗമ വേദികളിൽ ആ രംഗപുഷ്പം യൗവ്വനമാർന്നുതന്നെ എന്നും നിലകൊള്ളട്ടെ. ഇതും ഒരു ശാഠ്യമാണ്.

Story Highlights: Murali gopi remembers nedumudi venu