അതിസാഹസിക രംഗങ്ങളിൽ അതിശയിപ്പിയ്ക്കാൻ ‘മഡ്ഡി’ ഡിസംബറിൽ തിയേറ്ററുകളിലേയ്ക്ക്

Muddy movie release date

തികച്ചും വ്യത്യസ്തമായ ഒരു പ്രമേയവുമായി ഒരുങ്ങുന്ന ചിത്രമാണ് മഡ്ഡി. അതിസാഹസികത നിറഞ്ഞ മഡ് റേസിങ് ആണ് ചിത്രത്തിന്റെ പ്രമേയം. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായാണ് മഡ് റേസിങ് പ്രമേയമാക്കി ഒരു ചിത്രം ഒരുങ്ങുന്നതും. ചിത്രം പ്രേക്ഷകരിലേക്കെത്താൻ ഒരുങ്ങുകയാണ്. ഡിസംബർ 10 മുതൽ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. നേരത്തെ ചിത്രത്തിൻറേതായി പുറത്തിറങ്ങിയ ടീസറും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിയിരുന്നു. 15 മില്യൺ കാഴചക്കാരെ സ്വന്തമാക്കുകയും ചെയ്തു ടീസർ.

നവാഗതനായ പ്രഗഭൽ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. പി കെ സെവൻ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണദാസ് ആണ് ചിത്രത്തിന്റെ നിർമാണം. ബഹുഭാഷയിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് മഡ്ഡി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തും.

ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നവരെല്ലാം തന്നെ പുതുമുഖങ്ങളാണ്. അഡ്വഞ്ചറസ് ആക്ഷൻ ത്രില്ലറാണ് ഈ ചിത്രം. മഡ് റേസിങ്, ചെളിയിലുള്ള സംഘട്ടനങ്ങൾ തുടങ്ങിയവയൊക്കെ ഇടം നേടിയിട്ടുണ്ട് ചിത്രത്തിൽ. ചിത്രത്തിലെ മിക്ക സാഹസിക രംഗങ്ങളും ചെളിയിൽ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നതും.

Read more: ഉയരം 215.16 സെന്റീമീറ്റർ; ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പെൺകുട്ടി എന്ന റെക്കാർഡ് ഈ മിടുക്കിക്ക്

അഞ്ച് വർഷത്തോളമെടുത്തു സിനിമയുടെ പൂർത്തീകരണത്തിനായി. കേന്ദ്രകഥാപാത്രങ്ങൾ രണ്ട് വർഷത്തോളം മഡ് റേസിങ്ങിൽ പരിശീലനവും നേടി. ഡ്യൂപ്പുകൾ ഇല്ലാതെയാണ് സാഹസികത നിറഞ്ഞ രംഗങ്ങൾ ചിത്രീകരിച്ചത് എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.

പുതുമുഖങ്ങളായ യുവാൻ, റിദ്ദാൻ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായർ എന്നിവർക്കൊപ്പം ഹരീഷ് പേരാടി, ശോഭ മോഹൻ, ഐഎം വിജയൻ, രൺജി പണിക്കർ, സുനിൽ സുഗത, ഗിന്നസ് മനോജ് തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തിൽ.

Story highlights: Muddy movie release date