ഇന്ത്യൻ സിനിമയിൽ ആദ്യമായി ഓഫ് റോഡ് മഡ് റെയ്‌സ് ആവേശവുമായി ‘മഡ്ഡി’; അണിയറയിൽ പ്രഗത്ഭർ

February 11, 2020

റോഡ് മൂവീസിനോട് പ്രത്യേക ഇഷ്ടം സൂക്ഷിക്കുന്നവരെ ആവേശത്തിലാഴ്ത്താൻ പുതിയ ചിത്രമെത്തുന്നു. ‘മഡ്ഡി’ എന്ന ചിത്രത്തിന്റെ ടീസർ മെഗാസ്റ്റാർ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

‘മഡ്ഡി’ എന്ന പേര് പോലെ തന്നെ മഡ് റെയ്‌സ് പശ്ചാത്തലത്തിലാണ് ചിത്രമെത്തുന്നത്. ഒട്ടേറെ റോഡ് മൂവീസ് വന്നിട്ടുണ്ടെങ്കിലും മഡ് റെയ്‌സ് ഇതിവൃത്തമാകുന്ന ഒരു മുഴുനീള ചിത്രം ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമാണെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.

അതിനോടൊപ്പം, ഡ്യൂപ്പ് ഇല്ലാതെയാണ് ചിത്രത്തിൽ പല സാഹസിക രംഗങ്ങളും ആർട്ടിസ്റ്റുകൾ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത് പ്രശസ്തരായ കലാകാരന്മാരാണ്. ‘കെ ജി എഫ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രവി ബസുർ സംഗീത സംവിധാനം നിർവഹിക്കുന്നു. ‘രാക്ഷസൻ’ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സാൻ ലോഗേഷ് ആണ് എഡിറ്റിംഗ്.

ഡോക്ടർ‍ പ്രഗഭൽ‍ കഥ എഴുതി സംവിധാനം ചെയ്ത് പ്രേമ കൃഷ്ണദാസ് അവതരിപ്പിക്കുന്ന ചിത്രമാണ് ‘മഡ്ഡി’. ഡോക്ടർ പ്രഗഭൽ‍ തന്നെയാണ് മഡ് റെയ്‌സ് കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത്. പുതുമുഖങ്ങളായ യുവൻ, റിധാൻ കൃഷ്ണ, അനുഷ സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പി.കെ.7 ക്രീയേഷൻസ് ആണ് നിർമാണം.