താളബോധത്തില്‍ അതിശയിപ്പിക്കുന്ന നെടുമുടി വേണു; മരണം കവര്‍ന്നെടുത്ത പ്രിയ നടന്റെ അപൂര്‍വ വിഡിയോ

Nedumudi Venu, who is amazing in rhythm viral video

സമൂഹമാധ്യമങ്ങളിലടക്കം നിറയുകയാണ് കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞ മഹാനടന്‍ നെടുമുടി വേണുവിന്റെ ഓര്‍മകള്‍. ഇന്നലെ (11-10-2021) ആയിരുന്നു താരത്തെ മരണം കവര്‍ന്നെടുത്തത്. നിരവധിപ്പേരാണ് താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അഭിനയത്തിനൊപ്പം തന്നെ താളാത്മകത കൊണ്ടും ശ്രദ്ധേയനായ നടനാണ് നെടുമുടി വേണു.

സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് നെടുമുടി വേണുവിന്റെ അത്ഭുതപ്പെടുത്തുന്ന താളബോധത്തിന്റെ വിഡിയോ. സംവിധായകന്‍ രാജീവ് മേനോന്‍ ആണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. നാടന്‍ സംഗീതത്തിനും ശാസ്ത്രീയ സംഗീതത്തിനുമെല്ലാം ഉപയോഗിക്കുന്ന ഗഞ്ചിറ എന്ന തുകല്‍ വാദ്യം ഉപയോഗിക്കുന്ന നെടുമുടി വേണുവിനെ വിഡിയോയില്‍ കാണാം.

Read more: ‘അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തുവന്നു. ‘സങ്കടപ്പെടേണ്ട, ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും…’; നെടുമുടി വേണുവിന്റെ കരുതലിനെക്കുറിച്ച് മഞ്ജു വാര്യര്‍

രാജീവ് മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സര്‍വം താളമയം എന്ന ചിത്രത്തില്‍ നെടുമുടി വേണു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മൃദംഗവാദകനായ ഉമയാല്‍പുരം കെ ശിവരാമനേയും നെടുമുടി വേണുവിനൊപ്പം വിഡിയോയില്‍ കാണാം.

അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും പരിപൂര്‍ണതയിലെത്തിച്ച നടനാണ് നെടുമുടി വേണു. അഞ്ഞൂറിലധികം സിനിമകളില്‍ നിരവധി കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവന്‍ പകര്‍ന്നു. കലാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് നെടുമുടി വേണു. അഭിനയ കലയുടെ ആഴവും പരപ്പുമെല്ലാം ആവോളം ജീവിതത്തില്‍ പ്രതിഫലിപ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. മലയാള ചലച്ചിത്ര ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് നെടുമുടി വേണുവിന്റെ വേര്‍പാട്.

Story highlights: Nedumudi Venu, who is amazing in rhythm viral video